തിരുവനന്തപുരത്ത് യുവാവിനെ കെഎസ്ആർടിസി ബസിൽ മർദിച്ച സംഭവം; കണ്ടക്ടർക്ക് സസ്പെൻഷൻ
|ആക്രമണത്തെ കുറിച്ചുള്ള വാർത്ത മീഡിയവണാണ് ആദ്യം പുറത്തുവിട്ടത്.
തിരുവനന്തപുരം: വെള്ളറടയിൽ യുവാവിനെ ബസിൽ വെച്ച് മർദിച്ചതിൽ കെ.എസ്.ആര്‍.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ. വെള്ളറഡ ഡിപ്പോയിലെ കണ്ടക്ടർ കെ. സുരേഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ആക്രമണത്തെ കുറിച്ചുള്ള വാർത്ത മീഡിയവണാണ് ആദ്യം പുറത്തുവിട്ടത്. സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളറടയില്‍ യാത്രക്കാരന് കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റത്. ബാലരാമപുരം സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണനെയാണ് സുരേഷ് കുമാര്‍ മര്‍ദിച്ചത്. യുവാവ് നല്‍കിയ പരാതിയില്‍ കാട്ടാക്കട പൊലീസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയില്‍ എത്തിയ ബസില്‍ ഒരു സീറ്റില്‍ ഇരിക്കുകയായിരുന്നു ഋതികും പെണ്‍സുഹൃത്തും. ബസില്‍ കയറിയ സമയം മുതല്‍ സുരേഷ് കുമാര്‍ തന്നെ നോക്കുന്നുണ്ടായിരുന്നുവെന്ന് യുവാവ് ആരോപിക്കുന്നു. ബസ് കാട്ടാക്കടയില്‍ എത്തിയതോടെ സുരേഷ് മോശമായി സംസാരിച്ചെന്നാണ് ഋതിക്കിന്റെ പരാതി.
അനാവശ്യം പറയുന്നോ എന്ന് ചോദിച്ചതോടെ ടിക്കറ്റ് മെഷീന്‍ കൊണ്ട് സുരേഷ് കുമാര്‍ തലക്ക് അടിക്കുകയും ഷര്‍ട്ടില്‍ പിടിച്ച് തള്ളി താഴെയിട്ടു മര്‍ദിച്ചുവെന്നുമാണ് യുവാവിന്റെ പരാതി. ബസില്‍ കയറാന്‍ എത്തിയ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറായ സുരേഷ് കുമാറിനെതിരെ നേരത്തെയും പരാതികള്‍ ഉണ്ടായിട്ടുണ്ട്.
Watch Video