207 കോടി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി; ഇന്ന് തന്നെ ശമ്പളം നൽകാൻ ശ്രമം
|മുഖ്യമന്ത്രിയുടെ കർശന നിർദേശം ഉള്ളതിനാൽ പരമാവധി തുക കെ.എസ്.ആർ.ടി.സിക്ക് അനുവദിക്കും എന്നാണ് പ്രതീക്ഷ
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 207 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. തുക ഇന്ന് ലഭിച്ചാൽ ശമ്പള വിതരണം പൂർത്തിയാകും. ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീർക്കുമെന്ന് യൂണിയൻ നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.
പരമാവധി ഇന്ന് തന്നെ പണം ജീവനക്കാർക്ക് ലഭിക്കുന്ന രീതിയിൽ നടപടിയെടുക്കാനാണ് ധനവകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയത്. ജൂലൈ മാസത്തെ ശമ്പളം വിതരണം പൂർത്തിയാക്കാൻ 20 കോടി രൂപ, ആഗസ്റ്റിലെ ശമ്പളം നൽകാൻ 80 കോടി, ഓണം ഉത്സവബത്ത നൽകാൻ 57 കോടി, ഓവർ ഡ്രാഫ്റ്റ് തിരിച്ചടവിന് 50 കോടി എന്നിങ്ങനെ വക തിരിച്ചാണ് കെ.എസ്.ആർ.ടി.സി പണം ആവശ്യപ്പെട്ടത്.
ഇത്രയും പണം നൽകുന്നതിൽ ധനവകുപ്പിന് അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയുടെ കർശന നിർദേശം ഉള്ളതിനാൽ പരമാവധി തുക കെ.എസ്.ആർ.ടി.സിക്ക് അനുവദിക്കും എന്നാണ് പ്രതീക്ഷ. പരമാവധി ഇന്ന് തന്നെ ശമ്പള വിതരണം നടത്താനുള്ള പരിശ്രമത്തിലാണ് ധനവകുപ്പും ഗതാഗത വകുപ്പും.