കെ.എസ്.ആർ.ടി.സി ഡിപ്പോകൾ മാറുന്നു; ലൗഡ് സ്പീക്കറും എൽ.ഇ.ഡി ടി.വിയും, ശമ്പളം തരൂവെന്ന് ജീവനക്കാർ
|ഡിപ്പോകളില്‍ സ്ഥാപിക്കാനുള്ള ലൗഡ്‌സ്പീക്കറിനും എല്‍.ഇ.ഡി ടിവിക്കും കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുമ്പോഴും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളിൽ മോടി പിടിപ്പിക്കല്‍ തകൃതിയായി നടക്കുന്നു.
ഡിപ്പോകളില്‍ സ്ഥാപിക്കാനുള്ള ലൗഡ്‌സ്പീക്കറിനും എല്‍.ഇ.ഡി ടിവിക്കും കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ശമ്പളം കൃത്യമായി തരാനുള്ള നടപടികളാണ് ആദ്യം ചെയ്യേണ്ടതെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നു. ആറു മാസം കൊണ്ട് കെ.എസ്.ആര്‍.ടി.സിയുടെ മുഖം മാറ്റാനാണ് തീരുമാനം. പുതിയ ബസുകളെത്തുന്നതോടൊപ്പം ബസ് സ്റ്റേഷുകളും നവീകരിക്കുകയാണ്.
ഡിപ്പോകള്‍ക്കെല്ലാം ഏകീകൃത നിറം. ഇതിനോടൊപ്പമാണ് ലൗഡ് സ്പീക്കറും എല്‍.ഇ.ഡി ടിവിയും സ്ഥാപിക്കുന്നത്. കോര്‍പ്പറേഷനെ സംബന്ധിച്ച വിവരങ്ങളോടൊപ്പം സ്വകാര്യ പരസ്യങ്ങളും ഇത് വഴി നല്‍കും. ഏപ്രില്‍ 14നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടക്കുന്നത് അഴിമതിയെന്നാണ് ബി.എം.എസ് യൂണിയന്‍റെ ആരോപണം.
മാര്‍ച്ച് മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. രണ്ടാം ഗഡുവിനായി സര്‍ക്കാര്‍ സഹായം തന്നെയാണ് ആശ്രയം. ഇതിനായി 50 കോടി രൂപ ധനകാര്യ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.