പണം വാങ്ങി ടിക്കറ്റ് നൽകാതെ ക്രമക്കേട്; കെഎസ്ആർടിസി സ്വിഫ്റ്റ് കണ്ടക്ടറെ പിരിച്ചുവിട്ടു
|രണ്ട് യാത്രികരിൽ നിന്ന് പണം വാങ്ങിയിട്ട് കണ്ടക്ടർ ടിക്കറ്റ് നൽകാതിരുന്നത് കൈയോടെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ കണ്ടക്ടറെ പിരിച്ചുവിട്ടു. കണ്ടക്ടർ എസ്. ബിജുവിനെയാണ് പിരിച്ചുവിട്ടത്. കണിയാപുരം- കിഴക്കേക്കോട്ട റൂട്ടിൽ യാത്രക്കാരിൽ നിന്നും പണം വാങ്ങി ടിക്കറ്റ് നൽകാതെ തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ വിജിലൻസിന് ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം പരിശോധന നടത്തുകയും ചെയ്തിരുന്നു. ജൂൺ 13നായിരുന്നു പരിശോധന. ഇതിലാണ് ക്രമക്കേട് കണ്ടെത്തിയത്.
രണ്ട് യാത്രികരിൽ നിന്ന് പണം വാങ്ങിയിട്ട് കണ്ടക്ടർ ടിക്കറ്റ് നൽകാതിരുന്നത് കൈയോടെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കണ്ടക്ടറെ പിരിച്ചുവിട്ടതിന് പുറമെ മറ്റു ക്രമക്കേടുകൾ നടത്തിയതിന് 12 ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത 17 യാത്രക്കാരെ പിടികൂടുകയും ഇവരിൽ നിന്ന് പിഴയായി 500 രൂപ വീതം ഈടാക്കുകയും ചെയ്തിട്ടുണ്ട്.
ഈ മാസം 20വരെ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം 27,813 ബസുകളിൽ പരിശോധന നടത്തിയതിൽ 131 ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. പരിശോധന വരുംദിവസങ്ങളിൽ കർശനമായി തുടരുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.