ശമ്പള വിതരണത്തിനായി ജീവനക്കാരുടെ സഹകരണ സൊസൈറ്റിയിൽ നിന്നും വായ്പയെടുക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി
|പത്ത് കോടി രൂപ വായ്പയെടുക്കാൻ സർക്കാർ അനുമതി നൽകി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിനായി ജീവനക്കാരുടെ സഹകരണ സൊസൈറ്റിയിൽ നിന്നും വായ്പയെടുക്കും. പത്ത് കോടി രൂപ വായ്പയെടുക്കാൻ സർക്കാർ അനുമതി നൽകി.ഇന്ന് മുതൽ ശമ്പളവിതരണം ആരംഭിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഇതിനുവേണ്ട പണം സർക്കാരിൽ നിന്നും ലഭിച്ചില്ല. എല്ലാ മാസവും സർക്കാർ സഹായമായി 50 കോടി രൂപ സർക്കാർ സഹായമായി കെ.എസ്.ആർ.ടി.സിക്ക് നൽകിയിരുന്നു.
എന്നാൽ ഈ മാസം 30 കോടി രൂപ മാത്രമേ നൽകിയിരുന്നുള്ളു. ഇനി 20 കോടി കൂടി നൽകണമെങ്കിൽ നിയമസഭയുടെ അംഗീകാരം വേണം. കാരണം അടുത്ത സാമ്പത്തികവർഷത്തേക്കുള്ള പണത്തിൽ നിന്ന് മാത്രമേ തുക അനുവദിക്കാനാകൂ. അതിനാലാണ് മറ്റു വഴികളിൽ 20 കോടി രൂപ സമാഹരിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചത്.
എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളിൽ വായ്പയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഇപ്പോൾ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും വായ്പയെടുക്കാൻ തീരുമാനിച്ചത്. ഇതിനുള്ള അനുമതിയായണ് സർക്കാർ നൽകിയത്. താഴേ തട്ടിലുള്ള തൊഴിലാളികൾക്ക് ശമ്പളം നൽകാനെങ്കിലും കെ.എസ്.ആർ.ടി.സി ശ്രമിക്കുന്നത്.
ബുധനാഴ്ച്ചക്കകം ശമ്പളവിതരണമെന്ന നിർദേശം ഹൈക്കോടതി നൽകിയിട്ടുണ്ട്. നാളെ രാവിലെ മുതൽ ശമ്പളവിതരണം തുടങ്ങാനാണ് കെ.എസ്.ആർ.ടി.സി ശ്രമിക്കുന്നത്. 82 കോടി രൂപയാണ് കെ.എസ്.ആർ.ടിസി.ക്ക് ഒരു മാസത്തെ ശമ്പള വിതരണത്തിനായി ആവശ്യമുള്ളത്.