Kerala
കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും; സാമ്പത്തിക അച്ചടക്കം വേണമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍
Kerala

കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും; സാമ്പത്തിക അച്ചടക്കം വേണമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍

Web Desk
|
10 Sep 2021 1:18 AM GMT

ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സർക്കാരിനെ ആശ്രയിക്കേണ്ടി വരുന്ന ഘട്ടത്തിൽ ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് സി.എം.ഡി തൊഴിലാളി യൂണിയനുകളുടെ യോഗത്തിൽ അറിയിച്ചത്.

കെ.എസ്.ആര്‍.ടി.സിയില്‍ സാമ്പത്തിക അച്ചടക്കം വേണമെന്ന് സി.എം.ഡി ബിജു പ്രഭാകർ. അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നും ശിപാർശയുണ്ട്.

കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് 4000 ത്തോളം തൊഴിലാളികൾക്ക് ലേ ഓഫ് നൽകാൻ സി.എം.ഡി ശിപാർശ നൽകിയത്. അല്ലെങ്കിൽ 50% ശമ്പളം നൽകി ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ​ ദീർഘകാല ലീവ് നൽകാമെന്നും ശിപാർശയിൽ പറയുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സർക്കാരിനെ ആശ്രയിക്കേണ്ടി വരുന്ന ഘട്ടത്തിൽ ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും സി.എം.ഡി തൊഴിലാളി യൂണിയനുകളുടെ യോഗത്തിൽ അറിയിച്ചു.

അതേസമയം, ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഈ മാസം 13ന് വിവിധ യൂണിയനുകളുമായി സി.എം.ഡി ചര്‍ച്ച നടത്തും. 2011ലാണ് അവസാനമായി കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളപരിഷ്കരണം നടന്നത്. അതിന് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പല തവണ ശമ്പളം വര്‍ധിപ്പിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ആനുകൂല്യമൊന്നും ഉണ്ടായിട്ടില്ല.

ജീവനക്കാര്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉണ്ടായതോടെയാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കെ.എസ്.ആര്‍ ടി സി മാനേജ്മെന്റ് തീരുമാനിച്ചത്. ഈ മാസം 20നുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. എന്നാല്‍ ശമ്പളം വര്‍ധിപ്പിക്കുമ്പോള്‍ നല്‍കേണ്ട അധിക തുക എവിടെ നിന്ന് കണ്ടെത്തുമെന്ന കാര്യത്തിൽ കെ.എസ്.ആര്‍.ടി.സിക്ക് ഇപ്പോഴും വ്യക്തതയില്ല.

Similar Posts