സ്വകാര്യ ബസുകള്‍ക്ക് 140 കി.മീ മുകളില്‍ പെര്‍മിറ്റ്; ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും
|സ്വകാര്യ ബസുടമകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ ഒത്തുകളിച്ചെന്നാരോപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയൻ രംഗത്തെത്തി
കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കുന്നത് ആലോചനയില്‍. തീരുമാനം. കെഎസ്ആര്‍ടിസിക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. സ്വകാര്യ ബസുടമകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ ഒത്തുകളിച്ചെന്നാരോപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയൻ രംഗത്തെത്തി.
ദേശീയപാത, എംസി റോഡ്, സംസ്ഥാന പാതകള്‍ ഉള്‍പ്പടെയുള്ള റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് മാത്രമായി കിട്ടിയിരുന്ന നിയമപരിരക്ഷയാണ് കോടതി വിധിയിലൂടെ ഇല്ലാതായത്. കോര്‍പ്പറേഷന്‍ വരുമാനത്തിന്‍റെ സിംഹഭാഗവും ദീര്‍ഘദൂര സര്‍വീസില്‍ നിന്നിരിക്കെ ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകളെത്തുമ്പോഴുണ്ടാകുന്ന വരുമാന നഷ്ടം ഭീമമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന കെഎസ്ആര്‍ടിസിക്ക് ഇനിയൊരാഘാതം കൂടി നേരിടാനുള്ള ത്രാണിയില്ല. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനുപോയ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ തിങ്കളാഴ്ച മടങ്ങിയെത്തിയ ശേഷം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുന്നത് പരിഗണിക്കും. സര്‍ക്കാര്‍ ഒത്തുകളിച്ചതാണ് കേസ് തോല്‍ക്കാന്‍ കാരണമെന്നാണ് പ്രതിപക്ഷ തൊഴിലാളി യൂണിയൻ്റെ ആക്ഷേപം.
ദേശസാല്‍കൃത സ്കീം ഇറക്കുന്നതിലെ നടപടിക്രമത്തിലുണ്ടായ സര്‍ക്കാര്‍ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്വകാര്യ ബസുടമകള്‍ക്ക് അനുകൂലമായ നിലപാടെടുത്തത്. കോടതിയില്‍ കൃത്യമായി കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും വീഴ്ച പറ്റിയെന്ന ആക്ഷേപവും ശക്തമാണ്. എന്നാല്‍ കെഎസ്ആര്‍ടിസി ഇത് നിഷേധിച്ചിട്ടുണ്ട്.