Kerala
വൻകിട ഉപഭോക്താവാണെന്ന കാരണത്താൽ എണ്ണക്കമ്പനികൾ ഉയർന്ന വില ഈടാക്കുന്നത് വിവേചനപരമെന്ന് കെ.എസ്.ആര്‍.ടി.സി
Click the Play button to hear this message in audio format
Kerala

വൻകിട ഉപഭോക്താവാണെന്ന കാരണത്താൽ എണ്ണക്കമ്പനികൾ ഉയർന്ന വില ഈടാക്കുന്നത് വിവേചനപരമെന്ന് കെ.എസ്.ആര്‍.ടി.സി

Web Desk
|
9 April 2022 1:20 AM GMT

കേന്ദ്ര സർക്കാരിന്‍റെ നയ തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന് എണ്ണക്കമ്പനികളും കോടതിയെ അറിയിച്ചു

കൊച്ചി: വൻകിട ഉപഭോക്താവാണെന്ന കാരണത്താൽ ഡീസലിന് എണ്ണക്കമ്പനികൾ ഉയർന്ന വില വാങ്ങുന്നത് പൊതുതാല്‍പര്യ വിരുദ്ധവും വിവേചനവുമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ .കേന്ദ്ര സർക്കാരിന്‍റെ നയ തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന് എണ്ണക്കമ്പനികളും കോടതിയെ അറിയിച്ചു.

എണ്ണക്കമ്പനികൾ ഡീസലിന് ഉയർന്ന വില വാങ്ങുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ പരിഗണനയിലുള്ളത്. സുപ്രീംകോടതി അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് കെ.എസ്.ആർ.ടി.സിക്കു വേണ്ടി ഹാജരായത്.

പൊതു സേവന മേഖലയിലുള്ള കെ.എസ്.ആർ.ടി.സിയോടു കൂടുതൽ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽ നിന്ന് കുറഞ്ഞ തുക വാങ്ങുകയും ചെയ്യുന്നത് ന്യായമല്ലെന്നു ദവെ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി മൂലം കെ.എസ്.ആർ.ടി.സി നാശത്തിന്‍റെ വക്കിലാണെന്നും ദുഷ്യന്ത് ദവെ വ്യക്തമാക്കി. ഇന്ധന വില നിയന്ത്രണങ്ങൾ 2014 ൽ കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതാണെന്നും നയ തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും എണ്ണക്കമ്പനികൾക്കു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ പരാഗ്. പി. ത്രിപാഠി വ്യക്തമാക്കി.

ഐ.ഒ.സിയുൾപ്പെടെയുള്ള എണ്ണക്കമ്പനികൾക്ക് കെ.എസ്.ആർ.ടി.സി 123 കോടി രൂപ നൽകാനുണ്ട്. വൻ കുടിശിക നിലനിൽക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഇത്തരമൊരു വാദവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും അദ്ദേഹം വാദിച്ചു. ഹരജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Related Tags :
Similar Posts