റോബിൻ ബസിനോട് മത്സരം; സമാന്തര സർവീസുമായി കെ.എസ്.ആർ.ടി.സി, കാലിയടിച്ച് ആദ്യ സർവീസ്
|അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുമായി സർവീസ് നടത്തുന്ന റോബിൻ ബസ് വീണ്ടും തടഞ്ഞു.
പത്തനംതിട്ട: റോബിന് ബസ്സിന് സമാന്തര സർവീസുമായി കെ.എസ്.ആർ.ടി.സി. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരേക്കുള്ള ആദ്യ സർവീസ് ഇന്ന് പുലർച്ചെ ആരംഭിച്ചു. എന്നാൽ, പുലർച്ചെ പത്തനംതിട്ടയിൽ നിന്ന് യാത്രക്കാരുണ്ടായിരുന്നില്ല. കോയമ്പത്തൂരിൽ നിന്ന് വൈകിട്ട് 4:30നാണ് ബസ് തിരികെ പുറപ്പെടുക. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്.
അതേസമയം, അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുമായി സർവീസ് നടത്തുന്ന റോബിൻ ബസ് വീണ്ടും തടഞ്ഞു. കോയമ്പത്തൂർ ചാവടിയിൽ വച്ച് തമിഴ്നാട് മോട്ടോർ വാഹന വകുപ്പാണ് ബസ് തടഞ്ഞത്. ബസ് ഗാന്ധിപുരം സെൻട്രൽ ആർ.ടി.ഒ ഓഫീസിലേക്ക് മാറ്റാനാണ് നിർദേശം. കേരള സർക്കാർ തമിഴ്നാട് സർക്കാരിന്റെ സഹായത്തോടെ വേട്ടയാടുന്നു എന്ന് ബസുടമ ഗിരീഷ് ആരോപിച്ചു.
കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നിന്ന് യാത്ര ആരംഭിച്ച റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിവിധയിടങ്ങളിൽ തടഞ്ഞിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി ഒരു ലക്ഷത്തിലേറെയാണ് ബസ്സിന് പിഴയിട്ടത്. പെർമിറ്റ് ലംഘനത്തിനും നികുതി അടക്കാത്തതിനുമുൾപ്പടെയാണ് തമിഴ്നാട്ടിൽ പിഴ ഈടാക്കിയത്. എന്നാൽ സർവീസുമായി മുന്നോട്ട് പോകാനായിരുന്നു ബസുടമയുടെ തീരുമാനം.