Kerala
KSRTC pension disbursement suspended
Kerala

കെഎസ്ആർടിസി പെൻഷൻ നിലച്ചു; അനക്കമില്ലാതെ സർക്കാർ

Web Desk
|
1 Nov 2023 6:07 AM GMT

മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയായി

തിരുവനന്തപുരം: കേരളീയത്തിനായി സർക്കാർ കോടികൾ പൊടിക്കുമ്പോൾ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ മുടങ്ങിയിട്ട് മൂന്ന് മാസമാകുന്നു. ആറാം തീയതിക്കകം രണ്ടു മാസത്തെ പെൻഷൻ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിട്ടുണ്ട്. അല്ലാത്തപക്ഷം ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിർദേശം. ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് ഫ്രണ്ടെന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ മാസവും എട്ടാം തീയതി പെൻഷൻ വിതരണം ചെയ്യണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാത്തതിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് പെൻഷൻ ആറിന് വിതരണം ചെയ്യാൻ ഉത്തരവായത്.

ദീർഘകാലത്തെ സേവനത്തിന് ശേഷം വിശ്രമ ജീവിതം നയിക്കേണ്ട വയോധികർ സെക്രട്ടേറിയറ്റിന് മുന്നിൽ തളർന്നിരിക്കുകയാണ്. 45,000 ത്തോളം വരുന്ന കെഎസ്ആർടിസിയിലെ പെൻഷൻകാർ നയാ പൈസ ലഭിക്കാതെ ദുരിതത്തിലാണ്. പ്രതിഷേധവുമായി ഇതാദ്യമല്ല ഇവർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്നത്. 70 കോടി രൂപ വേണം പെൻഷൻ നൽകാൻ. സഹകരണ കൺസോർഷ്യം വഴി വിതരണം ചെയ്തത് നിലച്ചതോടെ കുറച്ചുനാളായി സർക്കാരാണ് പെൻഷൻ വിതരണം ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ എല്ലാം നിന്നു. പെൻഷൻ നിരക്ക് പരിഷ്‌ക്കരിക്കണമെന്ന ആവശ്യവും ഇവർക്കുണ്ട്.


KSRTC pension disbursement suspended

Similar Posts