ചൂരൽമലയിലേക്ക് കെഎസ്ആർടിസി റഗുലർ സർവീസുകൾ പുനരാരംഭിക്കും
|ചൂരൽമലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽ മലയിലേക്ക് കെഎസ്ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും. ഇന്നുമുതലാണ് ചൂരൽമലയിലേക്ക് സർവീസ് ആരംഭിക്കുക. ചൂരൽ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക. ചെക്പോസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാൽനടയായി ഉള്ളിലേക്ക് പ്രവേശിക്കാം എന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അതേസമയം ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിൽ നടത്തുന്ന തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ഇന്ന് ആറ് സോണുകളായാണ് തിരച്ചിൽ നടത്തുന്നത്. സൂചിപ്പാറയിലെ സൺറൈസ് വാലിയിൽ 12 പേരടങ്ങുന്ന പ്രത്യേകസംഘത്തെ നേവിയുടെ ഹെലികോപ്റ്ററിൽ എത്തിച്ച് തിരച്ചിൽ നടത്തും. കല്പറ്റയിൽ നിന്നാണ് പ്രത്യേക സംഘം ഹെലികോപ്റ്ററില്‍ സൺറൈസ് വാലി മേഖലയിൽ എത്തുക.
ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചു. പോത്തുകൽ മേഖല കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഫയർഫോഴ്സും തണ്ടർബോൾട്ടും തിരച്ചിലിൽ പങ്കാളികളാവും. മുണ്ടക്കൈ ദുരന്തത്തിൽ 407 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.