സിംഗിള്‍ ഡ്യൂട്ടി സംവിധാനം: പാറശാല ഡിപ്പോയില്‍ വന്‍ വരുമാന വര്‍ധനവെന്ന് കെ.എസ്.ആര്.ടി.സി
|സർക്കാർ നിർദേശ പ്രകാരമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതെന്നും ഡ്യൂട്ടി പരിഷ്കരണവുമായി മുന്നോട്ടു പോകുമെന്നും കെ.എസ്.ആര്.ടി.സി
കൊച്ചി: സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ പാറശാല ഡിപ്പോയില്‍ വന്‍ വരുമാന വര്‍ധനയുണ്ടായെന്ന് കെ.എസ്.ആര്.ടി.സി. ദിവസേന ശരാശരി 80,000-90,000 രൂപ വരുമാനം വർധിച്ചതായും കെ.എസ്.ആര്.ടി.സി അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ കെ.എസ്.ആര്.ടി.സി വിശദീകരണം നല്‍കിയത്.
സർക്കാർ നിർദേശ പ്രകാരമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതെന്നും ഡ്യൂട്ടി പരിഷ്കരണവുമായി മുന്നോട്ടു പോകുമെന്നും കെ.എസ്.ആര്.ടി.സി അറിയിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ഡ്യൂട്ടി പരിഷ്കരണം വലിയ ആശ്വാസമേകിയതായും കെ.എസ്.ആര്.ടി.സി ഹൈക്കോടതിയില്‍ വ്യക്തമാക്കി. നിലവില്‍ പാറശാല ഡിപോയില്‍ മാത്രം ഏര്‍പ്പെടുത്തിയ സിംഗിള്‍ ഡ്യൂട്ടി അടുത്ത ഘട്ടത്തില്‍ മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും.
ആഴ്ചയിൽ ആറ് ദിവസം 12 മണിക്കൂർ നീളുന്ന സിംഗിൾ ഡ്യൂട്ടി ആണ് കെ.എസ്.ആർ.ടി.സിയിൽ പ്രാബല്യത്തിൽ കൊണ്ടുവന്നത്. തുടക്കത്തിൽ തിരുവനന്തപുരം പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കുക. പരീക്ഷണാടിസ്ഥാനത്തിൽ എട്ട് ഡിപ്പോകളിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനായിരുന്നു ധാരണയെങ്കിലും മാനേജ്മെന്റ് പിന്മാറുകയായിരുന്നു. തയാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.