കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളമില്ല; സി.ഐ.ടി.യു നിരാഹാര സമരം ഇന്നു മുതൽ
|ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യു ഇന്നു മുതല്‍ കെ.എസ്.ആര്.ടി.സി ചീഫ് ഓഫീസിനു മുന്നിലാണ് നിരാഹാരം തുടങ്ങുക.
തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സിയിലെ ഭരണാനുകൂല യൂണിയന് ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ശമ്പളത്തിനായി പണം ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് വീണ്ടും ധനവകുപ്പിനെ സമീപിക്കും.
ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യു ഇന്നു മുതല്‍ കെ.എസ്.ആര്.ടി.സി ചീഫ് ഓഫീസിനു മുന്നിലാണ് നിരാഹാരം തുടങ്ങുക. പ്രതിപക്ഷ യൂണിയനുകളും സമരത്തിലാണ്. മാനേജ്മെന്റിന് വഴങ്ങാതെ കുടുംപിടുത്തത്തിലാണ് ധനവകുപ്പ്. ചോദിച്ചത് 75 കോടിയെങ്കിലും നല്‍കിയത് 30 കോടി മാത്രമാണ്. ഇനി പണം തരില്ലെന്നാണ് ധനവകുപ്പ് നിലപാട്. കോവിഡിന് ശേഷം ഒരിക്കല്‍ പോലും തനത് ഫണ്ടില്‍ നിന്ന് ശമ്പളം നല്കാന് കോര്പ്പറേഷന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമേ 25,000ത്തിലധികം ജീവനക്കാര്‍ക്ക് വിഷുവും ഈസ്റ്ററുമുള്ളൂ.
പെസഹ വ്യാഴമായതിനാല്‍ ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയാണ്. അതിനാല്‍ ധനവകുപ്പില്‍ നിന്ന് പണം കിട്ടുമെന്ന് പ്രതീക്ഷ വേണ്ട. ശനിയാഴ്ചയാണ് ഇനി പ്രവൃത്തി ദിവസം. പണം അനുവദിക്കുകയാണെങ്കില്‍ അന്ന് ശമ്പളം നല്‍കും. ഇല്ലെങ്കില്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടി തൊഴിലാളികളുടെ പണിമുടക്കും കെ.എസ്.ആര്.ടി.സി നേരിടേണ്ടി വരും.