കെഎസ്ആർടിസി ശമ്പള വിതരണം: ഗതാഗതമന്ത്രി-യൂണിയൻ ചർച്ച പരാജയം
|മൂന്ന് അംഗീകൃത യൂണിയനുകളേയും വെവ്വേറെയാണ് മന്ത്രി ചർച്ചക്ക് വിളിച്ചത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഗഡുക്കളായി ശമ്പളം നൽകുന്നതിൽ യൂണിയനുകളുമായി മന്ത്രി നടത്തിയ ചർച്ച പരാജയം. മുഴുൻ ശമ്പളവും ഒരുമിച്ച് ലഭിക്കണമെന്ന് ടി.ഡി.എഫ് ( ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍) ആവശ്യപ്പെട്ടു. ഗഡുക്കളായുള്ള ശമ്പളവിതരണത്തിനെതിരെ ബി.എം.എസ് (ഭാരതിയ മസ്ദൂര്‍ സംഘ്) പണിമുടക്കും. പണിമുടക്ക് നോട്ടീസ് സർക്കാരിന് നൽകിയ യൂണിയൻ പണിമുടക്ക് തിയ്യതി പിന്നീട് പ്രഖ്യാപിക്കും. മൂന്ന് അംഗീകൃത യൂണിയനുകളേയും വെവ്വേറെയാണ് മന്ത്രി ചർച്ചക്ക് വിളിച്ചത്.
തിങ്കളാഴ്ച്ച സി.ഐ.ടി.യു യൂണിയനുമായി ചർച്ച നടത്തി. അതിന് പിന്നാലെയാണ് ഉച്ചക്ക് 12.30 ന് ബി.എം.എസ് യൂണിയനേയും അതിന് ശേഷം ഒന്നരക്ക് കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫിനേയും ചർച്ചക്ക് വിളിച്ചിരിക്കുന്നത്. ഈ മൂന്ന് ചർച്ചകളും പൂർണമായും പരാജയപ്പെടുകയായിരുന്നു. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് യൂണിയനുകളെല്ലാം വ്യക്തമാക്കിയിരിക്കുന്നത്.
ഇതിൽ ബി.എം.എസ് പണിമുടക്കിനുള്ള നോട്ടീസ് മന്ത്രിക്ക് കൈമാറുകയായിരുന്നു. ഞായറാഴ്ച യോഗം ചേർന്ന് തിയ്യതി അറിയിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 'വരുമാനം വർദ്ധിച്ചിട്ടും കൃത്യമായി ശമ്പളം നൽകാൻ സാധിക്കാതിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ല. അഞ്ചാം തിയ്യതി തന്നെ കൃത്യമായി ശമ്പളം ലഭിക്കണം'. ബി.എം.എസ് പറഞ്ഞു. ബി.എം.എസിനും സി.ഐ.ടി.യുവിനും ടി.ഡി.എഫ് കത്ത് നൽകി. ഒരു സംയുക്ത സമരത്തിനാണ് കത്ത്. ഗതാഗത മന്ത്രിക്ക് പുറമെ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തു.