കെ.എസ്.ആര്‍.ടി.സിയെ വിഭജിക്കാനുള്ള നീക്കം ഉടനില്ല
|രണ്ടു വര്‍ഷം കൊണ്ട് കോര്‍പ്പറേഷനെ മൂന്ന് ലാഭ കേന്ദ്രമാക്കി മാറ്റാനാണ് മാനേജ്മെന്‍റ് ശ്രമം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ വിഭജിക്കാനുള്ള നീക്കം ഉടനില്ല. രണ്ടു വര്‍ഷം കൊണ്ട് കോര്‍പ്പറേഷനെ മൂന്ന് ലാഭ കേന്ദ്രമാക്കി മാറ്റാനാണ് മാനേജ്മെന്‍റ് ശ്രമം. പുതുതായി എത്തുന്ന കെ.എ.എസുകാരുടെ പ്രധാന ദൗത്യം കെ.എസ്.ആര്‍.ടി.സിയെ ലാഭ കേന്ദ്രമാക്കി മാറ്റുകയെന്നതാണ്.
ദീര്‍ഘ നാളത്തെ അഭ്യര്‍ത്ഥനക്ക് ശേഷമാണ് കെഎസ്ആര്‍ടിയിലേക്ക് നാല് കെ.എ.എസുകാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായത്. 8 കെ.എ.എസ് ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷനിലേക്ക് താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. എഞ്ചിനീയറിങ് ബിരുദ ധാരികളെയാണ് ഇതില്‍ നിന്ന് പരിഗണിക്കുക. അഭിമുഖ സംഭാഷണം നടത്തി അവരുടെ അഭിരുചി മനസ്സിലാക്കി നാലു പേരെ തെരഞ്ഞെടുത്ത് മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം നിയമനം. മൂന്ന് പേരെ സോണല്‍ ജനറല്‍ മാനേജര്‍മാരായും ഒരാളെ ചീഫ് ഓഫീസിലേക്കുമാണ് നിയമിക്കുന്നത്.
സോണല്‍ ജനറല്‍ മാനേജര്‍മാരാകുന്ന കെ.എ.എസുകാരാണ് കോര്‍പ്പറേഷനെ ലാഭ കേന്ദ്രങ്ങളാക്കുന്നതിന് ചുക്കാന്‍ പിടിക്കുക. ഇതിനായി ആദ്യം ഇന്‍സെന്‍റീവ് സംവിധാനം നടപ്പിലാക്കും. ശമ്പളത്തിന് പുറമെ ഇന്‍സെന്‍റീവുമുണ്ടെങ്കിലേ ജീവനക്കാര്‍ക്ക് ആത്മാര്‍ത്ഥത കൂടൂ എന്ന് കര്‍ണാടക, തമിഴ്നാട് ആര്‍ടിസികളില്‍ നിന്ന് കെഎസ്ആര്‍ടിസി പഠിച്ചു. കോര്‍പ്പറേഷനെ വിഭജിക്കുന്നത് സങ്കീര്‍ണമായ പ്രവര്‍ത്തിയായതിനാലാണ് ലാഭ കേന്ദ്രം മതിയെന്ന തീരുമാനത്തിലെത്തിയത്.