Kerala
ശമ്പളം ലഭിച്ചില്ല; കെ.എസ്.ആർ.ടി.സി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്
Kerala

ശമ്പളം ലഭിച്ചില്ല; കെ.എസ്.ആർ.ടി.സി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്

Web Desk
|
13 April 2022 10:09 AM GMT

ഈ മാസം 28ാം തീയതി സൂചന പണിമുടക്ക്

ശമ്പള വിതരണം തടസപ്പെട്ടതിനെ തുടർന്ന് സൂചന പണിമുടക്കുമായി കെഎസ്ആർടിസി തൊഴിലാളികൾ. ഈ മാസം 28ാം തീയതിയാണ് സൂചന പണിമുടക്ക്. ഏപ്രിൽ 14 മുതൽ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും ശമ്പളം ലഭിക്കുന്നതുവരെ അനിശ്ചിതകാല റിലേ നിരാഹാരം നടത്തും. ഏപ്രിൽ 19ന് ചീഫ് ഓഫീസ് ധർണയും സംഘടിപ്പിക്കും. ഗതാഗത മന്ത്രി ആൻറണി രാജുവുമായി നടത്തിയ ചർച്ചക്ക് ശേഷം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദനാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ മറുപടിയിൽ തൃപ്തരല്ലെന്നും ജോലി ചെയ്താൽ യഥാസമയത്ത് കാശു തരണമെന്നും കെഎസ്ആർടിസി ലാഭത്തിൽ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. അപക്വമായി സർവീസും ഷെഡ്യൂളും തീരുമാനിക്കുകയാണെന്നും ചില ഉദ്യോഗസ്ഥർ മാത്രം ചേർന്ന് കാര്യങ്ങൾ തീരുമാനങ്ങളെടുക്കുകയാണെന്നും ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തി. അഞ്ചാം തീയതിക്ക് മുമ്പ് ലഭിക്കേണ്ട ശമ്പളം മാസം പകുതിയായിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്ക് പോകാന്‍ ഇടത് സംഘടന തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചത്. മാനേജ്മെന്‍റിന്‍റെ സമീപനം തീര്‍ത്തും നിരുത്തരവാദ പരമാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

അതേസമയം, ഏപ്രിൽ 13 ആയിട്ടും മാർച്ച് മാസത്തെ ശമ്പളം നൽകാൻ തയ്യാറാകാത്ത കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന്റെയും ഇടപെടാൻ തയ്യാറാകാത്ത വകുപ്പ് മന്ത്രിയുടെയും നിലപാടിൽ പ്രതിഷേധിച്ച്‌ കേരള സ്റ്റേറ്റ് ട്രാൻസ് പോർട്ട് എംപ്ലോയീസ് യൂണിയൻ - AITUC ചീഫ് ഓഫീസിനു മുന്നിൽ അനിശ്ചിത കാല സമരം നടത്താൻ തീരുമാനിച്ചുവെന്ന് ജനറൽ സെക്രട്ടറി എം.ജി. രാഹുൽ അറിയിച്ചു. വിഷുവിന് മുൻപ് ശമ്പളം വിതരണം ചെയ്തില്ലയെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരണമടക്കമുളള നടപടികളിലേക്ക് സംഘടന പോകുമെന്നും വെളളിയാഴ്ച കൂടുന്ന സംസ്ഥാന നേതൃയോഗം ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.

എന്നാൽ തൊഴിലാളികളുടെ സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നില്ലെന്നും ഇന്ധന വില വർധിച്ചതും പണിമുടക്കും വരുമാനക്കുറവുണ്ടാക്കിയെന്നും ഗതാഗത മന്ത്രി പറഞ്ഞു. ജീവനക്കാരെ കുറ്റം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡീസൽ റിട്ടെയ്ൽ വിലയിൽ നൽകണമെന്ന കെഎസ്ആർടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചത് ആശ്വാസകരമാണെന്നും പ്രതിമാസം 15 കോടി രൂപയുടെ അധിക ചെലവ് കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ബൾക്ക് പർച്ചേസുകാർക്ക് വില കുറയ്ക്കണമെന്ന വാദം ശക്തമായി ഉയർത്തുമെന്നും വില നിശ്ചയിച്ചത് ഭരണഘടനാ വിരുദ്ധമായാണെന്നും അനീതിക്കെതിരെ പോരാടിയ ഏക സംസ്ഥാനമാണ് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.




KSRTC workers go on indefinite strike on Salary issue

Similar Posts