Kerala
KSU Thiruvananthapuram Vellayani Agriculture College Unit, gender politics debate, KSU gender politics debate
Kerala

ബാഹ്യസമ്മർദം; ജെൻഡർ പൊളിറ്റിക്സ് സംവാദം ഉപേക്ഷിച്ച് കെ.എസ്.യു

Web Desk
|
23 Sep 2023 5:13 AM GMT

പുറത്തുനിന്നുള്ള സമ്മർദങ്ങളെ തുടർന്ന് കോളജ് അധികൃതർ അനുമതി നിഷേധിച്ചതിനാലാണ് പരിപാടിയിൽനിന്നു പിന്മാറുന്നതെന്ന് കെ.എസ്.യു യൂനിറ്റ് അറിയിച്ചു

തിരുവനന്തപുരം: ബാഹ്യസമ്മർദത്തെ തുടര്‍ന്ന് ജെൻഡർ പൊളിറ്റിക്സ് സംവാദം ഉപേക്ഷിച്ച് കെ.എസ്.യു. ലിംഗരാഷ്ട്രീയത്തെ കുറിച്ച് തിരുവനന്തപുരം വെള്ളായണി കാർഷിക കോളജ് കെ.എസ്.യു യൂനിറ്റ് നടത്താനിരുന്ന സംവാദ പരിപാടിയാണ് റദ്ദാക്കിയതായി സംഘാടകർ അറിയിച്ചത്. പുറത്തുനിന്നുള്ള സമ്മർദങ്ങളെ തുടർന്ന് കോളജ് അധികൃതർ അനുമതി നിഷേധിച്ചതിനാലാണ് പരിപാടിയിൽനിന്നു പിന്മാറുന്നതെന്ന് കെ.എസ്.യു യൂനിറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

'ജെൻഡർ പൊളിറ്റിക്സ്, വർത്തമാനകാല ചർച്ചകൾ' എന്ന പേരിലാണു പരിപാടി നിശ്ചയിച്ചിരുന്നത്. എഴുത്തുകാരനും പ്രഭാഷകനും വിസ്ഡം സ്റ്റുഡന്റ് ഓർഗനൈസേഷൻ നേതാവുമായ ഡോ. സി.പി അബ്ദുല്ല ബാസിൽ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും എൽ.ജി.ബി.ടി ആക്ടിവിസ്റ്റുമായ റിയാസ് സലീം എന്നിവരാണു പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് നിശ്ചയിച്ച പരിപാടിക്കായി കെ.എസ്.യു യൂനിറ്റ് പോസ്റ്ററും പുറത്തിറക്കിയിരുന്നു.

ചർച്ചയ്ക്ക് വിദ്യാർത്ഥികളിൽനിന്ന് ഏകകണ്ഠമായ പിന്തുണയാണ് ലഭിച്ചതെന്നും പുറത്തുനിന്നുള്ള സമ്മർദങ്ങൾ അനുമതി പിൻവലിക്കാൻ കാരണമായെന്നും കെ.എസ്.യു പറയുന്നു. ജനാധിപത്യ സംവാദങ്ങളെ പരിപോഷിപ്പിക്കാൻ കെ.എസ്.യു എ.കെ.സി യൂനിറ്റ് പ്രതിജ്ഞാബദ്ധമായി തുടരും. ദൗർഭാഗ്യകരമെന്നു പറയട്ടെ, ചില സംഘടിത ഗ്രൂപ്പുകളുടെ ബാഹ്യ ഇടപെടലുകൾ മൂലം കോളജ് അധികൃതർ പരിപാടിക്കുള്ള അനുമതി പിൻവലിച്ചു. പരിപാടിയുടെ വേദി മാറ്റിനടത്താനുള്ള ശ്രമങ്ങൾക്കിടെ, ഒരു പാനലിസ്റ്റ് സുരക്ഷാ ആശങ്ക ഉന്നയിച്ചത് അഭിമുഖീകരിക്കേണ്ടി വന്നു. അനുയോജ്യമായ വേദിയും ലഭ്യമായില്ല. ഇതുമൂലം സംവാദം ഉപേക്ഷിക്കുന്നതായി ഞങ്ങൾ വ്യസനപൂർവം അറിയിക്കുന്നു. ഈ തിരിച്ചടി പുറമേ പുരോഗമനവീരന്മാരായ ചിലർക്ക് വെല്ലുവിളി ഉയർത്തും. അവരുടെ ഉള്ളിലെ സങ്കുചിത ചിന്താഗതി വെളിപ്പെടുത്തുന്നതു കൂടിയാണിത്. ഭാവി സംവാദവുമായി മുന്നോട്ടുപോകുമെന്നും കെ.എസ്.യു വ്യക്തമാക്കി.

അതിനിടെ, സംവാദം നിശ്ചയിക്കപ്പെട്ട്, പോസ്റ്റർ പുറത്തുവന്ന ശേഷം ചില നേതാക്കന്മാരിൽനിന്നുണ്ടായ സമീപനം ശരിയാണോ എന്ന് പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്ന ഡോ. അബ്ദുല്ല ബാസിൽ പ്രതികരിച്ചു. കോളജ് അധികാരികളെയും ജനപ്രതിനിധികളെയും മന്ത്രിമാരെയും വരെ ഇടപെടീച്ച് പരിപാടി മുടക്കാൻ ശ്രമമുണ്ടായതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമും അബ്ദുല്ലാ ബാസിലും തമ്മിൽ ഇതേ വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ സംവാദം നടന്നിരുന്നു. എൽ.ജി.ബി.ടി ആക്ടിവിസ്റ്റുകൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുമെന്ന ഭയമാണ് സംവാദം നിർത്തിവയ്പ്പിക്കാൻ കാരണമെന്ന് അബ്ദുല്ല ബാസിൽ വിമർശിച്ചു.

വിഷയത്തിൽ അബ്ദുല്ല ബാസിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്

KSU നേതാക്കൾക്ക് ഒരു തുറന്ന കത്ത്..

ബഹുമാന്യരേ,

ഞാൻ ഡോ. അബ്ദുല്ലാ ബാസിൽ. ഈ വരുന്ന ശനിയാഴ്ച തിരുവനന്തപുരം വെള്ളായണി അഗ്രികൾച്ചർ കോളേജിൽ സംഘടിപ്പിക്കാനിരുന്ന 'ജെൻഡർ പൊളിറ്റിക്‌സ്' സംവാദത്തിലെ ഒരു സംവാദകൻ. സംവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവങ്ങളിൽ നിന്ന് കേരള വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാക്കളോടും അണികളോടും ചിലത് പറയാനുണ്ട്.

ആദ്യമായി ഇത്തരമൊരു വിഷയത്തിൽ തുറന്ന സംവാദത്തിന് വേദിയൊരുക്കാൻ നിങ്ങൾ കാണിച്ച താല്പര്യത്തെ അഭിനന്ദിക്കുന്നു. ഏതൊരു വിഷയവും വിരുദ്ധ അഭിപ്രായങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിലൂടെയാണ് സമൂഹത്തിന് അതിനെ പറ്റി കൃത്യമായ ധാരണ രൂപപ്പെടുത്താനാവുക. ആകാശത്തിന് ചുവട്ടിലുള്ള ഏത് ആശയവും സംവാദത്തിന് വിധേയമായത് കൊണ്ട് തന്നെ അതെല്ലാം ചർച്ച ചെയ്തും സംവദിച്ചുമായിരിക്കണം നാം മുന്നോട്ടു പോകേണ്ടത്. ആ നിലക്ക് ksu വിന്റെ ഈ നിലപാട് സ്വാഗതാർഹമാണ്.

എന്നാൽ സംവാദം നിശ്ചയിക്കപ്പെട്ട്, പോസ്റ്റർ പുറത്തു വന്ന ശേഷം ചില നേതാക്കന്മാരിൽ നിന്നുണ്ടായ സമീപനം ശരിയാണോ എന്ന് പുനപരിശോധന നടത്തേണ്ടതുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ സംവാദം പ്രഖ്യാപിക്കപ്പെട്ടത്തോടെ നമ്മുടെ സുഹൃത്തുക്കളായ LGBT ആക്റ്റിവിസ്റ്റുകൾ അത് മുടക്കാനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു. കോളേജ് അധികാരികളെയും ജനപ്രതിനിധികളെയും മന്ത്രിമാരെയും വരെ ഇടപെടീച്ച് പ്രോഗ്രാം മുടക്കാൻ അവർ ആവതും ശ്രമിച്ചു.

ജെൻഡർ പൊളിറ്റിക്‌സ് എന്ന ആശയമായിരുന്നു നാം ചർച്ചക്ക് വെച്ചത്. അല്ലാതെ ഇന്റർസെക്‌സ്, ട്രാൻസ്‌ജെൻഡർ, ഹോമോസെക്ഷ്വൽ മനുഷ്യർ ജീവിച്ചിരിക്കാൻ പാടുണ്ടോ, അവർക്ക് മനുഷ്യാവകാശങ്ങളുണ്ടോ, പൗരവകാശങ്ങളുണ്ടോ എന്നൊന്നുമായിരുന്നില്ല വിഷയം. മറിച്ച് ജെൻഡർ പൊളിറ്റിക്‌സ് എന്ന ഒരു ആശയം ഇവരുടെ പേരിൽ പ്രചരിക്കപ്പെടുന്നുണ്ട്; അതിന് ജെൻഡർ, സെക്‌സ്, സെക്ഷ്വാലിറ്റി വിഷയങ്ങളിൽ അശാസ്ത്രീയവും സാമൂഹ്യവിരുദ്ധവും യാഥാർഥ്യവിരുദ്ധവുമായ ആശയങ്ങളാനുള്ളത് എന്ന് ഒരു ഭാഗം വാദിക്കുന്നു, അല്ലെന്ന് മറുഭാഗം വാദിക്കുന്നു.. ഇതിൽ എവിടെയാണ് പ്രശ്‌നം?!

ഈ വിഷയം തുറന്ന സംവാദത്തിന് വിധേയമായാൽ തങ്ങൾ പ്രചരിപ്പിക്കുന്ന ആശയങ്ങളുടെ പൊള്ളത്തരം പുറത്താകും എന്ന് മനസിലായത് കൊണ്ടാണ് LGBT ആക്റ്റിവിസ്റ്റുകളും അവരുടെ പിന്നാലെ ഇടത് വിദ്യാർത്ഥി പ്രസ്ഥാനവും പ്രോഗ്രാം മുടക്കാൻ ശ്രമിച്ചത് എന്നത് മനസ്സിലാക്കാൻ സാധിക്കും. LGBT വിഷയത്തിൽ അനുകൂലിച്ച് സംസാരിക്കാൻ കേരളത്തിൽ ഏറ്റവും അറിയപ്പെടുന്ന റിയാസ് സലീമിനെ തന്നെ കിട്ടിയിട്ടും അവർക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു എന്ന് വ്യക്തം.

പക്ഷെ സംവാദം മുടക്കാൻ ksuവിലെ ചില നേതാക്കന്മാരും വല്ലാതെ ശ്രമിച്ചത് എന്തിനാണ് എന്നത് സംഘടനക്കുള്ളിൽ ചർച്ച ചെയ്യേണ്ടുന്ന വിഷയമാണ്. പ്രോഗ്രാം നടക്കാൻ വേണ്ടി ഞങ്ങൾ പല കോണ്ഗ്രസ് നേതാക്കളെയും ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്ക് മനസിലായ ചില യാഥാർഥ്യങ്ങളുണ്ട്. ksuവിന്റെയുള്ളിൽ ഇവ്വിഷയത്തിൽ വിരുദ്ധമായ അഭിപ്രായങ്ങളുള്ളവരുണ്ടാകാം, പക്ഷെ രണ്ടു ഭാഗവും ചർച്ച ചെയ്യുന്നത് പോലും പാടില്ലെന്ന് പറയാൻ മാത്രം അസഹിഷ്ണുത ശരിയാണോ എന്ന് വിരലിലെണ്ണാവുന്ന ആ രണ്ടുമൂന്ന് നേതാക്കൾ ആലോചിക്കുന്നത് നല്ലതാണ്.

ksuവിന് പൊതുസമൂഹത്തിൽ ഒരു ഇമേജുണ്ട്. എല്ലാതരം വാദങ്ങളെയും വിശ്വാസങ്ങളെയും മതങ്ങളെയും ഉൾക്കൊള്ളുന്ന, എന്നാൽ അതോടൊപ്പം തന്നെ കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ മുന്നോട്ടു പോകുന്ന സംഘടന എന്നതാണ് ആ ചിത്രം. ഇടത് വിദ്യാർത്ഥി സംഘടനകൾ ക്യാമ്പസുകളിൽ അശ്ലീലചിത്രരചന നടത്തുമ്പോഴും, പുരോഗമനമെന്ന പേരിൽ എല്ലാ വിധ വൃത്തികേടുകളും കാട്ടിക്കൂട്ടുമ്പോഴും, ആഭാസങ്ങൾക്കും അശ്ലീലങ്ങൾക്കും വേണ്ടി പരസ്യമായി നിലകൊള്ളുമ്പോഴും അതിന് അപവാദമായിരുന്നു ksu. രക്ഷിതാക്കൾക്കും തങ്ങളുടെ മക്കളെ വിശ്വസിച്ച് പ്രവർത്തിക്കാനയക്കാവുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു ksu. മൂല്യബോധവും ധാർമിക ചിന്തയുമുള്ളവർക്കും നെഞ്ചോട് ചേർക്കാൻ സാധിക്കുന്നതായിരുന്നു ആ നീലപ്പതാക.! ഇനിയും അതങ്ങനെ തന്നെയാവണം!

വിരലിലെണ്ണാവുന്ന കുറച്ച് LGBT ആക്റ്റിവിസ്റ്റുകളുടെ താളത്തിനൊത്ത് തുള്ളി ലക്ഷക്കണക്കിന് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ള ആ വിശ്വാസത്തെ കളയരുത് എന്നൊരു അപേക്ഷയുണ്ട്. ഒന്നോ രണ്ടോ പേരുടെ താല്പര്യത്തിന് വഴങ്ങി സൗെവും മറ്റൊരു അരാജകത്വ കൂട്ടമാകരുത് എന്ന ആഗ്രഹമുണ്ട്! അങ്ങനെ മൂല്യബോധമുള്ളവർക്ക് പ്രവർത്തിക്കാൻ പറ്റാത്ത, രക്ഷിതാക്കൾക്ക് അറപ്പ് തോന്നുന്ന മറ്റൊരു സംഘടനയുടെ ആവശ്യം നമുക്കിനിയില്ലല്ലോ.. (ഒന്ന് തന്നെ ധാരാളം)

ഇത്രയും പറഞ്ഞത് ksu ജെൻഡർ വിഷയങ്ങളിൽ എന്തെങ്കിലും ഔദ്യോഗിക നിലപാട് സ്വീകരിക്കണം എന്ന അർത്ഥത്തിലല്ല. അനുകൂലവും പ്രതികൂലവുമായ നിലപാടുകൾക്ക് ഇടമുള്ള രീതിയിൽ തന്നെ മുൻപുള്ളത് പോലെ ksu മുന്നോട്ടുപോകണം എന്ന് മാത്രമാണ്. കാരണം ksu ഒരിക്കലും വിരലിലെണ്ണാവുന്ന ജെൻഡർ വാദികളുടെ മാത്രം കൂട്ടമല്ല, ലക്ഷക്കണക്കിന് പലതരം വിശ്വാസങ്ങളിലും ധാർമികതയിലും വിശ്വസിക്കുന്നവരുടെ കൂടി സംഘടനയാണ്.

ജെൻഡർ വിഷയങ്ങളിൽ ഞങ്ങൾ പറയുന്ന കാര്യങ്ങളോട് വിയോജിക്കുമ്പോൾ തന്നെ 'രണ്ടു വാദങ്ങളും സംവദിക്കട്ടെ, അതിനിപ്പോ എന്താണിത്ര പ്രശ്നം' എന്ന് ചോദിച്ച് ശക്തമായി നിലകൊണ്ട ksu, കോൺഗ്രസ് നേതാക്കളെ വിസ്മരിച്ചു കൊണ്ടല്ല ഈ എഴുതുന്നത്. ആ ഒരു വിശാലത ഇല്ലാത്തവർ പുനർവിചിന്തനം നടത്തണം എന്നത് മാത്രമാണ് ഉദ്ദേശ്യം. പ്രോഗ്രാം ഇടത് സംഘടനകളുടെയും LGBT ആക്റ്റിവിസ്റ്റുകളുടെയും ശ്രമഫലമായും റിയാസ് സലീമിന്റെ പിന്മാറ്റം കാരണവുമാണ് മുടങ്ങുന്നതെങ്കിലും ksu പ്രവർത്തകരും ഇത്തരം ചിന്തകൾ കൂടുതലായി നടത്തേണ്ടുന്ന സമയമാണിത്.

കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെ, എന്നാൽ അതേസമയം എല്ലാ തരം ആശയങ്ങളെയും സഹിഷ്ണുതയോടെ കണ്ട് ശക്തമായി മുന്നോട്ടു പോകാൻ നിങ്ങൾക്ക് സാധിക്കട്ടെ.. പ്രാർത്ഥനകൾ.

Summary: KSU Thiruvananthapuram Vellayani Agriculture College Unit abandoned the gender politics debate due to external pressure

Similar Posts