കേരള വർമ്മ കോളജിൽ റീ കൗണ്ടിംഗിലൂടെ എസ്.എഫ്.ഐ സ്ഥാനാർഥി വിജയിച്ചതിനെതിരെ കെ.എസ്.യു ഹരജി നൽകി
|കെ.എസ്.യുവിന്റെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടനാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്
കൊച്ചി: കേരള വർമ്മ കോളജിൽ റീ കൗണ്ടിംഗിലൂട എസ്.എഫ്.ഐ സ്ഥാനാർഥി വിജയിച്ചതിനെതിരെ കെ.എസ്.യു ഹൈക്കോടതിയെ സമീപിച്ചു. കെ.എസ്.യുവിന്റെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടനാണ് ഹൈക്കോടതിയെ സമീപിച്ചത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.യു ഹരജി. ഈ ഹരജി തിങ്കളാഴ്ച പരിഗണിക്കും.
തന്റെ വിജയം തടഞ്ഞത് അട്ടിമറിയിലൂടെയാണെന്നാണ് ശ്രീകുട്ടൻ പ്രധാനമായും ആരോപിക്കുന്നത്. അതോടൊപ്പം റീകൗണ്ടിംഗ് ഉൾപ്പടെ നടത്തിയത് മാനദണ്ഡങ്ങൾ ലംഘിച്ചാണ്. റീ കൗണ്ടിംഗ് നടത്തിയ സമയത്ത് വൈദ്യുതി തടസ്സപ്പെട്ടത് ബോധപൂർവ്വമാണെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്. ഈ സംഭവമുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ നിയമനടപടി ആരംഭിക്കുമെന്ന് കെ.എസ്.യു പറഞ്ഞിരുന്നു.
ഇന്ന് രാവിലെ ഹരജിയുമായെത്തി വേഗത്തിൽ തന്നെ ഹരജി പരിഗണിക്കണമെന്നാവശ്യപ്പെടുമെന്നെല്ലാം വാർത്തകളുണ്ടായിരുന്നുവെങ്കിലും വൈകീട്ടോടു കൂടിയാണ് ഹരജി നൽകിയത്. സത്യഗ്രഹം ഉൾപ്പടെയുള്ള കാര്യങ്ങൾ നടക്കുന്നതിനാലാണ് ഹരജി നൽകുന്നതിൽ കാലതാമസമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രക്രിയതന്നെ അട്ടമറിച്ചിട്ടുണ്ടെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ശ്രീകുട്ടൻ ഹരജിയിലൂടെ ചൂണ്ടികാട്ടുന്നുണ്ട്. കേരളവർമ കോളേജിനെ ഉൾപ്പടെ എതിർ കക്ഷിയാക്കിയിട്ടാണ് ഹരജി നൽകിയത്.