നിഖില്‍ തോമസ് വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.എച്ച് ബാബുജാൻ്റെ വാദം തെറ്റെന്ന് കെ.എസ്.യു
|നിഖില്‍ തോമസും ബാബുജാനും ഒരേ നാട്ടുകാരാണെന്നും സി.പി.എമ്മിലെ ഒരു വിഭാഗത്തിൻ്റെ സംരക്ഷണത്തിലാണ് മുന്‍ എസ്.എഫ്.ഐ നേതാവുള്ളതെന്നും കെ.എസ്.യു
ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എച്ച് ബാബുജാൻ്റെ വാദം തെറ്റെന്ന് കെ.എസ്.യു. നിഖില്‍ തോമസും ബാബുജാനും ഒരേ നാട്ടുകാരാണെന്നും സി.പി.എമ്മിലെ ഒരു വിഭാഗത്തിൻ്റെ സംരക്ഷണത്തിലാണ് നിഖിലുള്ളതെന്നും കെ.എസ്.യു നേതാവ് നിധിൻ ആരോപിച്ചു. അഡ്മിഷന് വേണ്ടി പലരും സമീപിക്കാറുണ്ടെന്നും ആരൊക്കെയാണെന്ന് ഓർത്തുവയ്ക്കാറില്ലെന്നുമായിരുന്നു ബാബുജാൻ്റെ വാദം.
അറിയപ്പെടുന്ന വിദ്യാർത്ഥി നേതാവായിരുന്നിട്ടും നിഖില്‍ തോമസിനെ ഓർമ്മയില്ലെന്നാണ് സി.പി.എം നേതാവിന്റെ വാദം. എന്നാല്‍, നിഖില്‍ രാഷ്ട്രീയരംഗത്ത് സജീവമാകുന്നതുതന്നെ ബാബുജാൻ്റെ അറിവോടെയായിരുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിദ്യാര്‍ത്ഥി നേതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാൽ കെ.എച്ച് ബാബുജാൻ്റെ വാദം പൊളിയുമെന്നും കെ.എസ്.യു വാദിക്കുന്നു.
നിഖിൽ പാർട്ടിക്ക് പ്രിയപ്പെട്ടവനായിരുന്നെന്നും സി.പി.എമ്മിലെ ഒരു വിഭാഗത്തിൻ്റെ സംരക്ഷണത്തിലാണ് നിഖിലുള്ളതെന്നും ആരോപണമുണ്ട്. പാർട്ടിയറിയാതെ നിഖിൽ ഒളിവിൽ പോകില്ലെന്നും കെ.എസ്.യു ആരോപിക്കുന്നു. നിഖിലിനെ ശിപാർശ ചെയ്തത് ജില്ലയിലെ മുതിർന്ന നേതാവാണെന്ന് കോളജ് മാനേജരും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, നിഖിലിനായി സർവകലാശാല ദ്രുതഗതിയിൽ പ്രവർത്തിച്ചുവെന്നത് വാസ്തവവിരുദ്ധമാണെന്ന് സർവകലാശാല സിൻഡിക്കേറ്റംഗം കൂടിയായ ബാബുജാൻ കുറ്റപ്പെടുത്തുന്നു. വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ പ്രത്യേക സംഘമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുന്‍പ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. നിഖിലിനെ തള്ളിപ്പറയുമ്പോഴും ഈ ആരോപണങ്ങൾ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്.
Summary: KSU alleges CPM Alappuzha district secretariat member KH Babujan's argument in SFI leader Nikhil Thomas's fake certificate case is wrong