കെ.എസ്.യു - എം.എസ്.എഫ് തർക്കം: കെ.സുധാകരന്‍റെ മധ്യസ്ഥതയിൽ ഇന്ന് ചർച്ച
|കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫും കെ.എസ്.യുവും വെവ്വേറെ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചര്‍ച്ച
കണ്ണൂര്‍: കെ.എസ്.യു - എം.എസ്.എഫ് തർക്കത്തിൽ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍റെ മധ്യസ്ഥതയിൽ ഇന്ന് ചർച്ച നടക്കും. രാവിലെ 11ന് കണ്ണൂര്‍ ഡി.സി.സി ഓഫിസിലാണ് ചർച്ച.
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫും കെ.എസ്.യുവും വെവ്വേറെ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കെ.പി.സി.സി അധ്യക്ഷൻ ഇരു സംഘടനകളെയും ചർച്ചക്ക് വിളിച്ചത്. മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുമായി കെ.സുധാകരന്‍ വിഷയം ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യര്‍, വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ ചർച്ചയിൽ പങ്കെടുക്കും.
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ പരാജയം കെ.എസ്.യുവിന്റെ തലയിൽ കെട്ടിവെക്കാനുള്ള എം.എസ്.എഫ് നീക്കത്തിൽ പ്രതിഷേധിച്ചാണ് കണ്ണൂരില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതെന്ന് കെ.എസ്.യു നേതൃത്വം പറഞ്ഞു. കണ്ണൂർ സർവകലാശാല രൂപീകരണത്തിന് ശേഷം ഇന്ന് ആദ്യമായാണ് ഇരുവിദ്യാർഥി സംഘടനകളും മുന്നണിബന്ധം ഒഴിവാക്കി മത്സരരംഗത്തിറങ്ങുന്നത്.
ജൂണ്‍ 20നാണ് കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കാനുളള സമയം ഇന്നലെ അവസാനിച്ചപ്പോൾ എല്ലാ സീറ്റിലേക്കും കെ.എസ്.യുവും എം.എസ്.എഫും വെവ്വേറെ പത്രികകൾ സമർപ്പിച്ചു. കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടാൻ കാരണം കെ.എസ്.യുവിന്‍റെ അലംഭാവമാണന്ന് എം.എസ്.എഫ് നേതൃത്വം ആരോപിച്ചിരുന്നു. എം.എസ്.എഫിനെതിരെ ആരോപണങ്ങളുയർത്തി കെ.എസ്.യുവും രംഗത്തെത്തി. പിന്നാലെയാണ് കണ്ണൂരിൽ ഒറ്റക്ക് മത്സരിക്കാൻ ഇരു സംഘടനകളും തീരുമാനിച്ചത്.