Kerala
KSU protests at Cusat over the death of Siddharth of Wayanad Veterinary University
Kerala

'സിദ്ധാർഥനെ എസ്എഫ്‌ഐ കൊന്നതാണ്'; കുസാറ്റിൽ ബാനർ കെട്ടി കെഎസ്‌യു

Web Desk
|
3 March 2024 3:27 PM GMT

കഴിഞ്ഞ ദിവസം കെഎസ് യു ഉയർത്തിയ ബാനർ എസ്എഫ്‌ഐ നശിപ്പിച്ചിരുന്നു

കൊച്ചി: വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ കുസാറ്റിൽ കെഎസ്‌യു പ്രതിഷേധം. 'സിദ്ധാർഥനെ എസ്എഫ്‌ഐ കൊന്നു'വെന്ന ബാനർ കെട്ടിയാണ് കെഎസ്‌യു പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം കെഎസ് യു ഉയർത്തിയ ബാനർ എസ്എഫ്‌ഐ നശിപ്പിച്ചിരുന്നു.സംഘർഷം കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സുരക്ഷയുണ്ട്.

അതേസമയം, സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്റിനറി സർവകലാശാലാ ഹോസ്റ്റലിൽ മുഖ്യപ്രതിയുമായി തെളിവെടുപ്പ് നടത്തി. സർവകലാശാലാ ഹോസ്റ്റലിനകത്താണ് തെളിവെടുപ്പ്. പ്രതി സിൻജോ ജോൺസണുമായാണ് പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലിൽ എത്തിയത്.

സിദ്ധാർഥന് മർദനമേറ്റ ഹോസ്റ്റലിന്റെ നടുമുറ്റം, 21ാം നമ്പർ മുറി, ഡോർമിറ്ററി എന്നിവിങ്ങളിൽ തെളിവെടുപ്പ് നടത്തി. ഇലക്ട്രിക് വയർ ഉപയോഗിച്ച് സിദ്ധാർഥനെ മർദിച്ചുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ വയർ സംബന്ധിച്ച് തെളിവെടുപ്പ് നടത്തിയതായാണ് വിവരം.

സിദ്ധാർഥന്റെ മരണത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വെറ്ററിനറി സർവകലാശാലയിൽ പരസ്യ വിചാരണ പതിവെന്ന് സൂചന നൽകുന്നതായിരുന്നു റിപ്പോർട്ട്. പ്രശ്നങ്ങൾ ഹോസ്റ്റലിൽ തീർക്കുന്ന അലിഖിത നിയമമുണ്ടായിരുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാനെന്ന് പറഞ്ഞാണ് എറണാകുളത്ത് എത്തിയ സിദ്ധാർഥനെ വിളിച്ചുവരുത്തിയത്. ഫോൺകോളിനെ തുടർന്ന് സിദ്ധാർഥൻ മടങ്ങി വരികയായിരുന്നെന്നും റിമാർഡ് റിപ്പോർട്ടിലുണ്ട്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

നിയമനടപടിയുമായി മുന്നോട്ടു പോയാൽ പൊലീസ് കേസ് ആകുമെന്ന് സിദ്ധാർഥനെ ഭീഷണിപ്പെടുത്തി. രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷാണ്. വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മർദിച്ചത്. രാവിലെ മുതൽ ഹോസ്റ്റൽ മുറിയിൽ അന്യായ തടങ്കലിൽ വെച്ചു. രാത്രി കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദിച്ചു. ഹോസ്റ്റലിലെ നടുമുറ്റത്ത് വെച്ചും മർദനം നടന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദിച്ചു. കേബിൾ വയർ, ബെൽറ്റ് എന്നിവ ഉപയോഗിച്ചാണ് മർദനം. പുലർച്ചെ രണ്ട് മണിവരെ പരസ്യവിചാരണ നടത്തി അപമാനിച്ചെന്നും പ്രതികളുടെ പ്രവൃത്തി മരണത്തിന് പ്രേരിപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.



Similar Posts