വ്യാജബിരുദ സർട്ടിഫിക്കറ്റ്; കെ.എസ്.യു നേതാവിനെതിരെ പോലീസ് അന്വേഷണം തുടങ്ങി
|കേരള സർവകലാശാലയുടെ പരാതിയിലാണ് പോലീസ് അന്വേഷണം
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ.എസ്.യു സംസ്ഥാന നേതാവിനെതിരെയുള്ള പരാതിയിൽ അന്വേഷണം തുടങ്ങി. വ്യാജബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ആലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ ജോലി നേടിയെന്നാണ് ആരോപണം.
ആലപ്പുഴ എസ്.ഡി കോളജിൽ 2014-16 കാലയളവിൽ ബി കോം പഠനം പൂർത്തിയാക്കിയെന്നാണ് സർട്ടിഫിക്കറ്റിൽ. കേരള സർവകലാശാലയുടെ പരാതിയിലാണ് പോലീസ് അന്വേഷണം. സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്ട്രേഷൻ നമ്പർ എന്നിവ വ്യാജമെന്ന് കാട്ടിയാണ് സർവകലാശാല ഡിജിപിക്ക് പരാതി നല്കിയത്.
പരാതിക്ക് പിന്നാലെ അന്വേഷണം തുടങ്ങിയ പോലീസ് മൊബൈൽ ഫോൺ ഹാജരാക്കാൻ അൻസിലിനോട് ആവശ്യപ്പെട്ടു. എന്നാൽ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന് അൻസിൽ പറഞ്ഞു. അൻസിലിനെതിരെയുള്ള ആരോപണത്തിൽ കഴമ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
വ്യാജസർട്ടിഫിക്കറ്റ് കേസിൽ എസ്.എ ഫ്.ഐ നേതാക്കൾ പ്രതിക്കൂട്ടിലായിരിക്കെ, കെഎസ്.യു നേതാവിനെതിരെ ഉയർന്ന ആരോപണം പ്രതിപക്ഷത്തിനും തലവേദനയായിരിക്കുകയാണ്. കെ സി വേണുഗോപാൽ പക്ഷത്തെ സജീവമായ കെഎസ്.യു നേതാവാണ് അൻസിൽ ജലീൽ.