Kerala
KT Jaleel fb post about sadiqali thangal
Kerala

'കേരള സ്റ്റോറി' ജനങ്ങളെ തമ്മിലടിപ്പിക്കാൻ; സർക്കാർ ഇടപെടണം: കെ.ടി ജലീൽ

Web Desk
|
28 April 2023 3:31 PM GMT

ഐ.എസ് ഭീകരവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാണ് കേരളമെന്ന് സ്ഥാപിച്ചെടുക്കാനാണ് സിനിമയിലൂടെ ശത്രുക്കൾ ലക്ഷ്യമിടുന്നതെന്നും ജലീൽ പറഞ്ഞു.

കോഴിക്കോട്: വർഗീയവാദികളുടെ ഒത്താശയിൽ പച്ചക്കള്ളം എഴുന്നള്ളിച്ച് ജനങ്ങളെ അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് 'കേരള സ്റ്റോറി' സിനിമയെന്ന് കെ.ടി ജലീൽ. ഒരു നുണ ആയിരം തവണ ആവർത്തിച്ച് സത്യമാക്കാനുള്ള ഗീബൽസിയൻ തന്ത്രമാണ് കേരള സ്‌റ്റോറി. ഐ.എസ് ഭീകരവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാണ് കേരളമെന്ന് സ്ഥാപിച്ചെടുക്കാനാണ് സിനിമയിലൂടെ ശത്രുക്കൾ ലക്ഷ്യമിടുന്നതെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"കേരള സ്റ്റോറി" ജനങ്ങളെ തമ്മിലടിപ്പിക്കാൻ! സർക്കാർ ഇടപെടണം.

കേരളത്തിൻ്റെ മതേതര മനസ്സിൽ വിഷം കലക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ആർ.എസ്.എസും ബി.ജെ.പിയും പല അടവുകളും പയറ്റി. ഒന്നും ക്ലച്ച് പിടിച്ചില്ല. വർഗ്ഗീയവാദികളുടെ ഒത്താശയിൽ പച്ചക്കള്ളം എഴുന്നള്ളിച്ച് ജനങ്ങളെ അകറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് "കേരള സ്റ്റോറി" എന്ന നുണ സിനിമ.

എന്തിനേയും ഏതിനേയും വെറുപ്പിൻ്റെ രാഷ്ട്രീയമാക്കി മാറ്റാൻ സംഘ്പരിവാരങ്ങൾക്ക് ഒരു മടിയുമില്ല. കോഴിക്കോട് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള പ്രസിദ്ധമായ "ജൂബിലി ഹാളിന്" സി.പി.ഐ (എം) നേതൃത്വം നൽകുന്ന ഇടതുപക്ഷ ഭരണസമിതി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ പേരിടാൻ തീരുമാനിച്ചു.

അതിനെയാണ് "തളിക്ഷേത്ര പരിസരം ഇസ്ലാമികവൽക്കരിക്കലായി" സംഘികൾ പറഞ്ഞു പരത്തിയത്. തികഞ്ഞ ദേശീയവാദിയും കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനിയും മുൻ കെ.പി.സി.സി അദ്ധ്യക്ഷനുമായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ പോലും ഉൾകൊള്ളാൻ ഹിന്ദുത്വ തീവ്രവാദികൾക്ക് കഴിയുന്നില്ലെങ്കിൽ ഇന്ത്യയിൽ ഏത് മുസ്ലിം പേരുകാരനെയാണ് അവർക്ക് അംഗീകരിക്കാനാവുക?

ഇന്ത്യയിൽ സമാധാനവും ശാന്തിയും മൈത്രിയും നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന കുൽസിത നീക്കമായേ "കേരള സ്റ്റോറി" എന്ന തട്ടിക്കൂട്ട് സിനിമയെ കാണാനാകൂ. ഇല്ലാത്ത ലൗജിഹാദും നർകോട്ടിക് ജിഹാദുമൊക്കെയാണ് ചലചിത്രത്തിൻ്റെ പ്രമേയം.

ഒരു നുണ ആയിരം തവണ ആവർത്തിച്ച് സത്യമാക്കാനുള്ള ഗീബൽസിയൻ തന്ത്രമാണ് "കേരള സ്റ്റോറി". "ഐ.എസ്.ഐ.എസ് ഭീകരവാദികളുടെ" റിക്രൂട്ടിംഗ് കേന്ദ്രമാണ് കേരളമെന്ന് സ്ഥാപിച്ചെടുക്കലാണ് ഈ സിനിമയിലൂടെ നാടിൻ്റെ ശത്രുക്കൾ ഉന്നം വെക്കുന്നത്.

അവാസ്തവങ്ങൾ കുത്തിനിറച്ച് ഹിന്ദു-മുസ്ലിം ചങ്ങാത്തം തകർക്കാൻ 1921 ലെ മലബാർ കലാപത്തെ വികൃതമാക്കി അവതരിപ്പിച്ച സംഘി സിനിമ ജനശ്രദ്ധ നേടാതെ പോയത് മലയാളിയുടെ മതനിരപേക്ഷ മനസ്സിൻ്റെ ശക്തിയാണ് വെളിവാക്കിയത്. ആ വിഷമം തീർക്കാനാണ് ''കേരള സ്റ്റോറി"യുമായി സംഘമിത്രങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

"കാശ്മീർ ഫയൽ"സിൻ്റെ മലയാള രൂപമാണ് "കേരള സ്റ്റോറി". പെരുംനുണകളുടെ കുത്തിയൊഴുക്കാണ് രണ്ടിലും ആദ്യാവസാനം നിഴലിക്കുന്നത്. വർഗ്ഗീയ വിഭജനം മുന്നിൽ കണ്ട് പുറത്തിറക്കുന്ന ''സിനിമാ അശ്ലീലം" സർക്കാർ ഗൗരവത്തോടെ കാണണം."കേരള സ്റ്റോറി"ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

Similar Posts