'ജലീലായാൽ നിയമവും വകുപ്പും ബാധകമല്ലല്ലോ, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസ് അയക്കാനുമൊക്കെ അറിയാം'- ലോകായുക്തക്കെതിരെ വീണ്ടും ജലീൽ
|കെ.കെ ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് ജലീലിന്റെ പരിഹാസം
ലോകായുക്തയ്‌ക്കെതിരെ വീണ്ടും കെ.ടി ജലീൽ. പ്രാഥമികാന്വേഷണം നടത്താനും നോട്ടീസ് അയക്കാനും ലോകായുക്തയ്ക്ക് അറിയാമെന്ന് അറിയിച്ചത് നന്നായി. ജലീലായാൽ നിയമവും വകുപ്പും ബാധകമല്ലല്ലോ എന്ന് ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. കെ.കെ ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കോവിഡിന്റെ തുടക്ക കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് ശൈലജക്കെതിരെ ലോകായുക്ത നോട്ടീസയച്ചത്. 450 രൂപ വിലയുള്ള പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. പ്രാഥമികമായ പരിശോധനകൾക്ക് ശേഷമായിരുന്നു ലോകായുക്ത ഹരജി ഫയലിൽ സ്വീകരിച്ചത്. എന്നാൽ ഇടപാടുകൾ സുതാര്യമായിരുന്നുവെന്നും പ്രതിപക്ഷ ആരോപണങ്ങളെ ഭയപ്പെടുന്നില്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീർത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി.
ജലീലായാൽ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ