Kerala
സമയബന്ധിതമായി പരമ്പര എഴുതിത്തന്നില്ല; കെ.ടി ജലീലിന്റെ ആത്മകഥ നിർത്തിയതില്‍ വിശദീകരണവുമായി സമകാലിക മലയാളം
Kerala

'സമയബന്ധിതമായി പരമ്പര എഴുതിത്തന്നില്ല'; കെ.ടി ജലീലിന്റെ ആത്മകഥ നിർത്തിയതില്‍ വിശദീകരണവുമായി 'സമകാലിക മലയാളം'

Web Desk
|
21 Oct 2022 11:04 AM GMT

ഇന്ന് പുറത്തിറങ്ങിയ ലക്കത്തിലാണ് 'പച്ച കലർന്ന ചുവപ്പ്' എന്ന പേരിലുള്ള ആത്മകഥയുടെ തുടർപ്രസിദ്ധീകരണം നിർത്തുന്നതായി പത്രാധിപ സമിതി അറിയിച്ചത്

തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി ജലീലിന്റെ ആത്മകഥ 'പച്ച കലർന്ന ചുവപ്പി'ന്റെ പ്രസിദ്ധീകരണം നിർത്തിയതിൽ വിശദീകരണവുമായി 'സമകാലിക മലയാളം'. വിദേശയാത്ര കാരണം എഴുത്ത് മുടങ്ങുന്ന സാഹചര്യമുണ്ടായി. സമയബന്ധിതമായി പരമ്പര എഴുതിത്തരുന്നതിൽ വീഴ്ച സംഭവിച്ചുവെന്നുമാണ് ആത്മകഥ പ്രസിദ്ധീകരണം നിർത്തിവയ്ക്കാൻ കാരണമായി വാരിക എഡിറ്റർ സജി ജെയിംസ് വ്യക്തമാക്കി.

'പച്ച കലർന്ന ചുവപ്പ്' ഇനിയും മുന്നോട്ട് എഴുതാനും രാഷ്ട്രീയപ്രാധാന്യമുള്ള പലതും അതിൽ വരാനുമുണ്ട് എന്നുതന്നെയാണ് കെ.ടി ജലീലിൽനിന്നു മനസ്സിലാക്കിയത്. എന്നാൽ, അദ്ദേഹത്തിന്റെ വിദേശയാത്രയുടെ സന്ദർഭത്തിൽ എഴുത്ത് മുടങ്ങുന്ന സ്ഥിതിയുണ്ടായി. 2022 ഒക്ടോബർ 17നു പുറത്തിറങ്ങിയ ലക്കത്തിനുശേഷം ഏതാനും ആഴ്ചത്തേക്കു പ്രസിദ്ധീകരണം നിർത്തിവയ്ക്കണമെന്നും തിരിച്ചുവന്ന ശേഷം എഴുതിത്തരാമെന്നും പറഞ്ഞു. അതായത് 2022 ഒക്ടോബർ 24ന്റെ ലക്കം മുതൽ ചില ലക്കങ്ങൾ മുടങ്ങും. ഈ സമീപനം അംഗീകരിക്കാൻ വാരികയ്ക്കു ബുദ്ധിമുട്ടുണ്ടായി. മുൻകൂട്ടി നിശ്ചയിച്ച യാത്രയാണ്; അതനുസരിച്ച് പരമ്പര എഴുതിത്തരാനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. ആ ഉത്തരവാദിത്തം അദ്ദേഹം പാലിക്കാതിരുന്നതുകൊണ്ട് ഈ ലക്കം മുതൽ 'പച്ച കലർന്ന ചുവപ്പി'ന്റെ പ്രസിദ്ധീകരണം സ്ഥിരമായി നിർത്തിവയ്ക്കാനാണ് തീരുമാനിച്ചത്-സജി ജെയിംസ് ഫേസ്ബുക്കിൽ കുറിച്ചു.

പ്രസിദ്ധീകരണം നിർത്തുന്ന വിവരം വായനക്കാരെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എഴുതിയ ഉള്ളടക്കവും തീരുമാനവും തമ്മിൽ യാതൊരു ബന്ധവുമില്ല. പ്രസിദ്ധീകരിക്കാവുന്നത് എന്തെന്നും പ്രസിദ്ധീകരിക്കാൻ പാടില്ലാത്തത് എന്തെന്നും കൃത്യമായി ബോധ്യമുള്ള പത്രാധിപസമിതിയാ വാരികയുടേതെന്നും അദ്ദേഹം അറിയിച്ചു.

അവിചാരിതമായ കാരണങ്ങളാൽ പ്രസിദ്ധീകരണം നിർത്തുന്നുവെന്നാണ് പത്രാധിപ സമിതി പുതിയ ലക്കത്തിൽ അറിയിച്ചിരിക്കുന്നത്. വ്യക്തി-രാഷ്ട്രീയ താൽപര്യങ്ങൾ ആത്മകഥയിൽ കടന്നുകൂടിയെന്ന് പത്രാധിപ സമിതി വിലയിരുത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ആത്മകഥയിൽ ബൗദ്ധിക സത്യസന്ധത പാലിച്ചില്ല. രണ്ട് ലക്കങ്ങൾക്കായി എഴുതിനൽകിയ പല കുറിപ്പുകളും എഡിറ്റ് ചെയ്ത് ഒരു ലക്കത്തിലേക്ക് ചുരുക്കേണ്ടി വന്നു. ലോകായുക്ത സിറിയക് തോമസ് അടക്കമുള്ളവരെ ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രസ്താവനകളും ആത്മകഥയിലുണ്ടായതടക്കമുള്ള നിരീക്ഷണങ്ങളുണ്ടായിരുന്നു.

ഏറെ കൊട്ടിഘോഷിച്ചാണ് വാരിക ആത്മകഥയുടെ പ്രസിദ്ധീകരണമാരംഭിച്ചത്. ഇതുവരെ 21 ലക്കം പ്രസിദ്ധീകരിച്ചു. ഇന്ന് പുറത്തിറങ്ങിയ ലക്കത്തിലാണ് ആത്മകഥയുടെ തുടർപ്രസിദ്ധീകരണം നിർത്തുന്നതായി പത്രാധിപ സമിതി അറിയിച്ചത്.

സജി ജെയിംസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പച്ചകലർന്ന ചുവപ്പ് നിർത്തിവച്ചതെന്തുകൊണ്ട്?

കഴിഞ്ഞ മെയ് ആദ്യ ആഴ്ച കെ ടി ജലീലിന്റെ ആത്മകഥ, പച്ചകലർന്ന ചുവപ്പ് പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോൾ മുതൽ ഇതുവരെ വായനക്കാരിൽ നിന്നു ഞങ്ങൾക്കു കിട്ടിക്കൊണ്ടിരുന്നത് സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങളാണ്. ആത്മകഥയെന്നല്ല എന്തു പ്രസിദ്ധീകരിച്ചാലും അനുകൂലമായും എതിർത്തും കത്തുകളും വിളികളും മറ്റുമുണ്ടാവുന്നത് പതിവാണുതാനും. എംഎൽഎയും മുൻ മന്ത്രിയും പ്രമുഖ ഇടതുസഹയാത്രികരിലൊരാളുമായ കെ ടി ജലീലിന്റെ പല തുറന്നു പറച്ചിലുകളും പലരെയും അലോസരപ്പെടുത്തുന്നത് വിവിധ പ്രതികരണങ്ങളിലൂടെ അപ്പപ്പോൾ വാരിക അറിയുന്നുണ്ടായിരുന്നു. നേരെ മറിച്ച്, കൂടുതൽ കാര്യങ്ങൾ തുറന്നു പറയണമെന്നും പഴയകാലം പറയുന്നത് പിന്നത്തേയ്ക്കു മാറ്റിവച്ച് സമകാലിക രാഷ്ട്രീയ അനുഭവങ്ങളിലേക്കു പോകണമെന്നും പറഞ്ഞവരുമുണ്ട് നിരവധി. കെ ടി ജലീലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനും കേസുകളിൽ കുടുക്കാനും നടന്ന ശ്രമങ്ങൾ, മന്ത്രിപദവിയിൽ നിന്നുള്ള രാജിയിലേക്ക് എത്തിച്ച സംഭവങ്ങൾ തുടങ്ങിയതിലൊക്കെ അദ്ദേഹം എന്തു പറയുന്നു; 'അന്തർനാടകങ്ങൾ' എന്തൊക്കെയാണ്, പുറത്തുവരാതെ രാഷ്ട്രീയ അകങ്ങളിൽ നീറിപ്പുകഞ്ഞത് എന്തൊക്കെയാണ് എന്നൊക്കെ അറിയാനുള്ള കേരളത്തിന്റെ ആകാംക്ഷ പത്രാധിപസമിതിയെ ചുട്ടുപൊള്ളിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം അതിന്റെ സ്വാഭാവിക ഒഴുക്കിൽത്തന്നെ എഴുതട്ടെ എന്നും, സമയമെടുത്തും സ്വന്തം തീരുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലും മുൻഗണന നിശ്ചയിക്കട്ടെ എന്നുമായിരുന്നു ഞങ്ങളുടെ നിലപാട്. എഴുതുന്ന ആളുടെ സ്വാതന്ത്ര്യത്തിലേക്ക് സെൻസേഷനലിസത്തിന്റെ സമ്മർദവും ഇടപെടലും നടത്തുന്നതല്ല സ്വതന്ത്ര മാധ്യമപ്രവർത്തനം എന്നതു തന്നെയാണ് കാരണം.

പച്ച കലർന്ന ചുവപ്പ് ഇനിയും മുന്നോട്ട് എഴുതാനും രാഷ്ട്രീയ പ്രാധാന്യമുള്ള പലതും അതിൽ വരാനുമുണ്ട് എന്നുതന്നെയാണ് കെ ടി ജലീലിൽ നിന്നു ഞങ്ങൾ മനസ്സിലാക്കിയത്. എന്നാൽ അദ്ദേഹത്തിന്റെ വിദേശയാത്രയുടെ സന്ദർഭത്തിൽ എഴുത്ത് മുടങ്ങുന്ന സ്ഥിതിയുണ്ടായി. 2022 ഒക്ടോബർ 17നു പുറത്തിറങ്ങിയ ലക്കത്തിനു ശേഷം ഏതാനും ആഴ്ചത്തേക്കു പ്രസിദ്ധീകരണം നിർത്തിവയ്ക്കണം എന്നും തിരിച്ചുവന്ന ശേഷം എഴുതിത്തരാം എന്നും പറഞ്ഞു. അതായത് 2022 ഒക്ടോബർ 24ന്റെ ലക്കം മുതൽ ചില ലക്കങ്ങൾ പച്ച കലർന്ന ചുവപ്പ് മുടങ്ങും. ഈ സമീപനം അംഗീകരിക്കാൻ വാരികയ്ക്കു ബുദ്ധിമുട്ടുണ്ടായി. മുൻകൂട്ടി നിശ്ചയിച്ച യാത്രയാണ്; അതനുസരിച്ച് പരമ്പര എഴുതിത്തരാനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. ആ ഉത്തരവാദിത്തം അദ്ദേഹം പാലിക്കാതിരുന്നതുകൊണ്ട് ഈ ലക്കം മുതൽ പച്ച കലർന്ന ചുവപ്പിന്റെ പ്രസിദ്ധീകരണം സ്ഥിരമായി നിർത്തിവയ്ക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. അത് വായനക്കാരെ അറിയിക്കുകയും ചെയ്തു.

അതിനപ്പുറത്ത്, അദ്ദേഹം എഴുതിയ ഉള്ളടക്കവും ഈ തീരുമാനവുമായി യാതൊരു ബന്ധവുമില്ല. പ്രസിദ്ധീകരിക്കാവുന്നത് എന്തെന്നും പ്രസിദ്ധീകരിക്കാൻ പാടില്ലാത്തത് എന്തെന്നും കൃത്യമായി ബോധ്യമുള്ള പത്രാധിപസമിതിയുള്ള പ്രസിദ്ധീകരണമാണ് സമകാലിക മലയാളം വാരിക.

കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലത്തെപ്പോലെതന്നെ തുടർന്നും വായനക്കാരുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്.

നന്ദി

സജി ജെയിംസ്

എഡിറ്റര്‍

Summary: ''KT Jaleel did not meet the responsibility of writing the series on times'', 'Samakalika Malayalam' clarifies the reason behind stopping his autobiography

Similar Posts