Kerala
ജലീൽ പിന്നില്‍നിന്ന് കുത്തുന്നത് പിണറായിയെ: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
Kerala

ജലീൽ പിന്നില്‍നിന്ന് കുത്തുന്നത് പിണറായിയെ: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Web Desk
|
30 Jan 2022 3:38 PM GMT

''കെ.ടി ജലീൽ മനസിലാക്കേണ്ട കാര്യം ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ്ഫാദറായ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്''-പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

പിണറായി വിജയൻ നിർദേശിച്ച ലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന ജലീൽ മുഖ്യമന്ത്രിയെ പിന്നിൽനിന്ന് കുത്തുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി.കെ കുഞ്ഞാലിക്കുട്ടിയെ കുടുക്കാൻ ഇ.ഡിയുടെ പിന്നാലെ നടന്നതിന്റെ പേരിൽ പിണറായി വിജയന്റെ കൈയിൽനിന്ന് പരസ്യമായി കിട്ടിയ ശകാരവും പരിഹാസവും ജലീൽ മറന്നുകാണില്ല. പിണറായിയെ ഇപ്പോൾ പിന്നിൽനിന്ന് കുത്താൻ ജലീലിനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയിൽനിന്ന് കിട്ടിയ ശകാരവും പരിഹാസവുമാകാമെന്നും ഫേസ്ബുക്ക് കുറിപ്പിൽ സതീശൻ പറഞ്ഞു.

കെ.ടി ജലീൽ മനസിലാക്കേണ്ട കാര്യം ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ്ഫാദറായ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ആ നിയമനത്തെ ചോദ്യം ചെയ്യുന്ന നിങ്ങൾ പിണറായി വിജയനെയാണ് തള്ളിപ്പറയുന്നത്. കനപ്പെട്ട തെളിവായി ജലീൽ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു. ആ വിധി പ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി സുഭാഷൺ റെഡ്ഡിയാണ്. ഡിവിഷൻ ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. അങ്ങ് പുറത്തുവിട്ട 'രേഖ'യിൽ അതു വ്യക്തവുമാണ്. ഇതൊന്നും ആർക്കും അറിയാത്തതോ കിട്ടാത്തതോ ആയ രഹസ്യ രേഖയല്ല. ഹൈക്കോടതി വിധിയും എം.ജി വി.സിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ഇപ്പോൾ അതിനെ രഹസ്യരേഖയെന്ന പോലെ അവതരിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

''2005 ജനുവരി 25ന് പുറത്തുവന്ന വിധിയും 2004 നവംബർ 15ന് ഡോ. ജാൻസി ജെയിംസ് എം.ജി സർവകലാശാല വൈസ് ചാൻസലർ ആയതും തമ്മിൽ എന്തു ബന്ധമാണുള്ളത്? ഇപ്പോൾ കണ്ണൂർ വി.സിയുടെ നിയമനത്തെച്ചൊല്ലി നടക്കുന്നതു പോലെ വഴിവിട്ടുള്ളതാണെന്നോ നിയമം മറികടന്നുള്ളതാണെന്നോ തുടങ്ങി ഒരു ആക്ഷേപവും ഡോ. ജാൻസി ജെയിംസിന്റെ നിയമനത്തിൽ അന്നുണ്ടായിരുന്നില്ല. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലറായ ജാൻസി ജെയിംസിന്റെ കാലയളവിൽ ജലീലിന്റെ ഭരണകാലത്തുണ്ടായതുപോലെ മാർക്ക്ദാന വിവാദവുമുണ്ടായിട്ടില്ല. 2008ൽ എം.ജി വി.സി സ്ഥാനം ഒഴിഞ്ഞ ശേഷം കേന്ദ്ര സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറായതും ജാൻസി ജെയിംസായിരുന്നു.''

ബന്ധുനിയമനത്തിന്റെ പേരിലാണ് ജലീലിനെതിരെ ലോകായുക്ത വിധിയുണ്ടായത്. ബന്ധുനിയമനം ജലീൽ തന്നെ സമ്മതിച്ചതുമാണ്. ആ ഉത്തരവിന്റെ പേരിൽ നീതിപീഠത്തെയും വിധി പറഞ്ഞ ജഡ്ജിയുടെ ബന്ധുക്കളെയും ജനമധ്യത്തിൽ ആക്ഷേപിക്കുന്നത് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ കസേരയിലിരുന്നയാൾക്ക് ഭൂഷണമാണോയെന്ന് ജലീൽ തന്നെ ചിന്തിച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ഇന്ന് ഫേസ്ബുക്കിൽ ലോകായുക്തയെ വിമർശിച്ച് കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. തക്കതായ പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്തും ചെയ്യും. പിണറായി സർക്കാരിനെ പിന്നിൽനിന്ന് കുത്താനുള്ള കത്തിയായാണ് ലോകായുക്തയെ പ്രതിപക്ഷം കാണുന്നത്. ഈ കത്തി കണ്ടെത്തിയത് യു.ഡി.എഫാണെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. പിന്നീട് ഫേസ്ബുക്ക് കുറിപ്പിന് വിശദീകരണവുമായും ജലീൽ രംഗത്തെത്തി. ഐസ്‌ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയെ വെറുതെ വിട്ട ഹൈക്കോടതി വിധി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കേസിൽ വിധി പറഞ്ഞവരിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫുമുണ്ടായിരുന്നു. സിറിയക് ജോസഫിന്റെ സഹോദരിക്ക് വിസി നിയമനം കിട്ടിയതിന്റെ രേഖയും ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ചു.

Similar Posts