'കോടതീപ്പോ, കോടതീപ്പോ, കോടതീപ്പോയിട്ട് തെളിയിക്ക്'; ജലീലിന്റെ പഴയ നിയമസഭാ വീഡിയോ ഹിറ്റ്
|"ആക്ഷേപം ശരിയാണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് സാധിച്ചാൽ അന്ന് ഞാനെന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കും"
ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ, ജലീലിന്റെ പഴയ പ്രസംഗം വൈറൽ. തനിക്കെതിരെ ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട് ജലീൽ നിയമസഭയിൽ നടത്തിയ പ്രസംഗമാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
'സർ, ഇവര് പറയുന്ന ആക്ഷേപം, പ്രതിപക്ഷം പറയുന്ന ആക്ഷേപം ശരിയാണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് സാധിച്ചാൽ അന്ന് ഞാനെന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കും. ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ നിങ്ങൾക്ക്, കോടതീപ്പോ, കോടതീപ്പോ, കോടതീപ്പോയിട്ട് തെളിയിക്ക്...' എന്നാണ് മന്ത്രി വീഡിയോയിൽ പറയുന്നത്. ജലീൽ ഡസ്‌കിലിടിച്ച് നടത്തിയ വെല്ലുവിളിയെ ഭരണപക്ഷം ആവേശത്തോടെയാണ് വരവേറ്റത്.
ഇതേ പ്രസംഗം ഫേസ്ബുക്കിൽ പി.കെ ഫിറോസ് അടക്കമുള്ളവർ പങ്കുവച്ചിട്ടുണ്ട്. കമോൺട്രാ മഹേഷേ... എന്ന തലക്കെട്ടോടെയാണ് ഫിറോസ് വീഡിയോ പോസ്റ്റ് ചെയ്തത്. ഹൈക്കോടതി വിധിക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ, തെറ്റു ചെയ്‌തെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞ ജലീൽ വാക്ക് പാലിക്കാൻ തയ്യാറുണ്ടോ എന്നും ഫിറോസ് ചോദിച്ചു.
അതിനിടെ, വിഷയത്തിൽ പ്രതികരണവുമായി ജലീൽ രംഗത്തെത്തി. ഒരു സർക്കാർ സ്ഥാപനത്തെ നേരെയാക്കാൻ മാത്രം ശ്രമിച്ച തന്നെ വേട്ടയാടിയവരോട് ദേഷ്യമൊന്നുമില്ലെന്നാണ് ഫേസ്ബുക്കിൽ ജലീൽ പ്രതികരിച്ചത്. തീർത്തും നിരുപദ്രവകരമായ ഒരു പ്രശ്നം രാഷ്ട്രീയ ശത്രുക്കൾ ഇത്രമേൽ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുൻകരുതൽ എടുക്കാത്തതിൽ തനിക്ക് യാതൊരു ഖേദവും തോന്നുന്നില്ലെന്നും അദ്ദേഹം കുറിച്ചു. വിധി പകർപ്പ് കിട്ടിയ ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈകൊള്ളുമെന്നും ജലീൽ വ്യക്തമാക്കി.