'വായ്പയെടുത്ത 700 കോടി ഉടൻ തിരിച്ചടക്കണം'; കെ.എസ്.ആർ.ടി.സിക്ക് കെ.ടി.ഡി.എഫ്.സിയുടെ ജപ്തി നോട്ടിസ്
|പലിശസഹിതം പണം തിരിച്ചടക്കണമെന്നാണ് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരിക്കുന്നത്
തിരുവനന്തപുരം: വായ്പാ കുടിശ്ശിക അടക്കാത്തതിന് കെ.എസ്.ആർ.ടി.സിക്ക് കെ.ടി.ഡി.എഫ്.സിയുടെ ജപ്തി നോട്ടിസ്. 700 കോടി രൂപയുടെ വായ്പയാണു തിരിച്ചടയ്ക്കാനുള്ളത്. ഇത് എത്രയും പെട്ടെന്ന് അടച്ചുതീർത്തില്ലെങ്കിൽ സ്ഥാവര ജംഗമവസ്തുക്കൾ ജപ്തി ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. അതിനിടെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 40 കോടി രൂപ ഇന്നു ലഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
നേരത്തെ അനുവദിച്ച വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണു ജപ്തി നടപടിയിലേക്കു നീങ്ങാൻ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ നീക്കം. കെ.ടി.ഡി.എഫ്.സിയും തകർച്ചയുടെ വക്കിലാണുള്ളത്. അതിനാൽ, കെ.എസ്.ആർ.ടി.സിക്കു നൽകിയ പണം തിരിച്ചുപിടിക്കാനാണ് കോർപറേഷൻ നീക്കം.
പലിശസഹിതം പണം തിരിച്ചടക്കണമെന്നാണ് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയൊരു മുന്നറിയിപ്പ് ഇക്കാര്യത്തിലുണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. കോടതിയോ സർക്കാരോ ഇടപെട്ടില്ലെങ്കിൽ ഉടൻ തന്നെ നടപടിയിലേക്കു നീങ്ങിയേക്കും. ജപ്തി നടപടിയുടെ നോട്ടിസ് കെ.എസ്.ആർ.ടി.സിക്ക് നൽകിയിട്ടുണ്ട്.
അതേസമയം, കെ.എസ്.ആർ.ടി.സി ശമ്പള കാര്യത്തിൽ ഇന്നു രാവിലെ ധനമന്ത്രിയുമായി ചർച്ച നടത്തിയതായി ആന്റണി രാജു അറിയിച്ചു. ധനകാര്യ വകുപ്പിൽനിന്ന് പണം ലഭിച്ചാലുടൻ ശമ്പളം നൽകും. കൂപ്പൺ കൊടുക്കരുതെന്ന് ഇന്നലെ നിർദേശിച്ച ഹൈക്കോടതി തന്നെയാണ് കഴിഞ്ഞ വർഷം കൂപ്പൺ കൊടുക്കാൻ ഉത്തരവിട്ടതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി ഓണം അലവൻസ്, അഡ്വാൻസ് വിഷയങ്ങളിൽ അംഗീകൃത തൊഴിലാളി യൂനിയനുകളുമായി ഇന്ന് സി.എം.ഡി ചർച്ച നടത്തുന്നുണ്ട്. വൈകീട്ടു നാലു മണിക്കാണു ചർച്ച നിശ്ചയിച്ചിരിക്കുന്നത്.
അലവൻസ്, അഡ്വാൻസ് തുകകളായി 1,000 രൂപാ വീതം നൽകാമെന്നാണ് മാനേജ്മെൻറ് ഉദ്ദേശിക്കുന്നത്. എന്നാൽ, ഇത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ യൂനിയനായ ടി.ഡി.എഫ് അറിയിച്ചു. കൃത്യമായ ഓണം അലവൻസും അഡ്വാൻസും കിട്ടിയാലേ 26-ാം തിയതിയിലെ പണിമുടക്കിൽനിന്ന് പിന്മാറൂവെന്നാണ് സി.ഐ.ടി.യു യൂനിയനും വ്യക്തമാക്കിയത്.
കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവനായി ഇന്ന് നൽകുമെന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ, ഇതിനായുള്ള തുക ധനവകുപ്പ് അനുവദിച്ചെങ്കിലും കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. എത്തിയാൽ ഇന്നോ നാളെയോ ശമ്പളം നൽകാനാകും.
Summary: KTDFC has sent a foreclosure notice to KSRTC for non-payment of loan dues. 700 crores of loan has to be repaid