'മാറ്റിവച്ച കേസിനടക്കം അഭിഭാഷകന് നല്‍കിയത് 92 ലക്ഷം'; കെ.ടി.യുവില്‍ ധൂര്‍ത്ത്, വി.സിക്ക് പരാതി നൽകി ജീവനക്കാർ
|മുൻ അഭിഭാഷകൻ അഡ്വ. കൃഷ്ണമൂർത്തി ഒരു കേസിന് ശരാശരി 12,000 രൂപ ഫീസായി വാങ്ങിയപ്പോൾ എൽവിൻ പീറ്റർ 30,000 മുതൽ ഒന്നര ലക്ഷം വരെ കൈപ്പറ്റിയതായി രേഖകൾ വ്യക്തമാക്കുന്നു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ(കെ.ടി.യു) പണച്ചെലവ് അമിതമാണെന്ന ആരോപണം ഏറെനാളായി ഉയരുന്നതാണ്. അക്കൂട്ടത്തിൽ അവസാനത്തേതായി കോടതിച്ചെലവിൻ്റെ കണക്കുകൾ കൂടി പുറത്തുവരുന്നു. യൂനിവേഴ്സിറ്റിയുടെ കേസ് നടത്തിപ്പിനായി അഭിഭാഷകന് അനുവദിച്ചത് 92 ലക്ഷം രൂപയാണെന്നാണു പുറത്തുവരുന്ന വിവരം. മൂന്നു വർഷത്തെ കേസുകളുടെ തുക വാദം കേൾക്കാതെ മാറ്റിവച്ച കേസുകൾക്കുപോലും പണം ഈടാക്കിയെന്നാണു പരാതി. ജീവനക്കാരാണു സാങ്കേതിക സർവകലാശാലയിൽ കണക്കില്ലാതെ പണം ധൂർത്തടിക്കുന്നെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
2022 ഡിസംബർ വരെയുള്ള മൂന്ന് വർഷം കേസുകൾ നടത്തിയ വകയിൽ യൂനിവേഴ്സിറ്റി അഭിഭാഷകൻ അഡ്വ. എൽവിൻ പീറ്റർക്കാണ് 92 ലക്ഷം രൂപ അനുവദിച്ചത്. 127 കേസുകൾക്ക് വേണ്ടിയാണ് ഈ പണം. സർവകലാശാലാ ചട്ടപ്രകാരം കേസ് ഒന്നിന് 5,000ഉം വാദം കേട്ട് മാറ്റിവയ്ക്കുന്ന കേസിന് 4,000ഉം ആണ് അനുവദിക്കുന്നത്. മറ്റു സർവകലാശാലകളെ അപേക്ഷിച്ച് ഭീമമായ തുകയാണിത്. എന്നാല്‍, വാദമില്ലാതെ മാറ്റിവച്ച കേസുകൾക്കുപോലും സ്റ്റാൻഡിങ് കൗൺസിൽ 4,000 രൂപ വീതം വാങ്ങിയതായി ജീവനക്കാർ ആരോപിക്കുന്നു.
മുൻ അഭിഭാഷകൻ അഡ്വ. കൃഷ്ണമൂർത്തി ഒരു കേസിന് ശരാശരി 12,000 രൂപ ഫീസായി വാങ്ങിയപ്പോൾ എൽവിൻ പീറ്റർ 30,000 മുതൽ ഒന്നര ലക്ഷം വരെ കൈപ്പറ്റിയതായി രേഖകൾ വ്യക്തമാക്കുന്നു. ഇതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിൽക്കെയുള്ള അനാവശ്യ ധൂർത്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി.യു സ്റ്റാഫ് ഓർഗനൈസേഷൻ ഭാരവാഹികൾ വി.സിക്ക് കത്തുനൽകിയത്.
Summary: It has been revealed that 92 lakh rupees were allotted to the lawyer for handling the case of Kerala Technical University. The complaint is that the amount of the three-year cases was charged even for the cases which were adjourned without hearing