വർണവിസ്മയം; പൂരനഗരിയെ ആവേശത്തിലാഴ്ത്തി കുടമാറ്റം ആരംഭിച്ചു
|മത്സരിച്ച് കുടയുയർത്തി പാറമേക്കാവും തിരുവമ്പാടിയും
തൃശൂർ: വർണവിസ്മയത്തിന്റെ മുഖാമുഖം തീർത്ത് തൃശൂർ പൂരനഗരിയിൽ കുടമാറ്റം ആരംഭിച്ചു.
രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ വർണാഭമായ കുടകൾ പരസ്പരം ഉയർത്തി കാണിച്ചു മത്സരിക്കുന്നതാണു കുടമാറ്റം എന്ന് അറിയപ്പെടുന്നത്.
ഓരോ കുട ഉയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉയർത്തുകയുള്ളു.
തിടമ്പേറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കുടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും.
എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. മുപ്പതാനകളുടെ (രണ്ടു ഭാഗത്തേയുംകൂടി) മുകളിലാണ് കുടമാറ്റം നടക്കുക. അലുക്കുകൾ തൂക്കിയത്, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാർന്ന പലതരം കുടകളും ഇരുകൂട്ടരും പ്രദർശിപ്പിക്കും.
മത്സരബുദ്ധിയോടെയാണ് കുടമാറ്റം ഇരു വിഭാഗക്കാരും അവതരിപ്പിക്കുക. ചെറിയ വെടിക്കെട്ടോടെ കുടമാറ്റം അവസാനിക്കുന്നു. ഇതോടെ പകൽപൂരം പൂർണമാവും.
രാത്രിയും ചെറിയ പൂരങ്ങൾ ആവർത്തിക്കും. പിന്നീട് പുലർച്ചയാണ് വെടിക്കെട്ട്.