അബ്ദുൽ വഹാബ് എം.പിയുടെ വിമർശനം പോസീറ്റിവായി എടുത്താൽ മതിയെന്ന് കുഞ്ഞാലിക്കുട്ടി
|ഏകീകൃത സിവിൽ കോഡ് ഏറെ ഗൗരവമുള്ള വിഷയമാണ്
മലപ്പുറം: ഏകീകൃത സിവിൽ കോഡിനായുള്ള ബിൽ അവതരണത്തെ എതിർക്കാൻ കോൺഗ്രസ് അംഗങ്ങൾ രാജ്യസഭയിൽ ഇല്ലായിരുന്നുവെന്ന അബ്ദുൽ വഹാബ് എം.പിയുടെ വിമർശനം പോസീറ്റിവായി എടുത്താൽ മതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഏകീകൃത സിവിൽ കോഡ് ഏറെ ഗൗരവമുള്ള വിഷയമാണ്. കോൺഗ്രസ് ഉൾപ്പെടെ ജനാധിപത്യ പാർട്ടികൾ കണ്ണിലെണ്ണയൊഴിച്ച് കരുതിയിരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏകീകൃത സിവിൽകോഡ് ബില്‍ അവതരിപ്പിക്കുന്ന സമയത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ഇല്ലാതിരുന്നത് തനിക്ക് വിഷമം ഉണ്ടാക്കിയെന്നായിരുന്നു അബ്ദുല്‍ വഹാബ് എം.പി പറഞ്ഞത്. ബില്ലിനോടുള്ള സിപിഎം നിലപാട് വിശ്വസിക്കാൻ കഴിയില്ലെന്നും പ്രത്യേക താല്പര്യങ്ങൾ ഉള്ളതിനാലാണ് സിപിഎം ഇങ്ങനെയൊരു നിലപാടെടുത്തതെന്നും മുസ്‌ലിം ലീഗ് എംപി വ്യക്തമാക്കിയിരുന്നു. ഏകീകൃത സിവിൽകോഡ് സ്വകാര്യ ബില്ലായി രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി കിരോദി ലാൽ മീണയാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളം വകവെക്കാതെയാണ് കിരോദി ലാൽ മീണ ബിൽ അവതരിപ്പിച്ചത്.
ബിൽ രാജ്യത്തിന് ഗുണകരമല്ലെന്ന് മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി. ബിൽ വർഗീയ ദ്രുവീകരണത്തിന് ഇടയാക്കുമെന്നായിരുന്നു സിപിഎം നിലപാട്. സഭയിൽ ബിൽ അവതരണത്തിനായി ബി.ജെ.പി എം.പി അനുമതി തേടിയപ്പോൾ തന്നെ പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സി.പി.എം, മുസ്‍ലിം ലീഗ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബില്ലിനെ എതിർത്തുകൊണ്ട് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ സഭയിലില്ലെന്ന് അബ്ദുൽ വഹാബ് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തി. ഇവരും ബില്ലിനെ രൂക്ഷമായി എതിർക്കുകയാണുണ്ടായത്.