ലീഗ്-സമസ്ത വിവാദം; പ്രസ്താവനാ യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
|എസ്‌കെഎസ്എസ്എഫിന്റെ പ്രവർത്തങ്ങളെക്കുറിച്ച് സലാം പറഞ്ഞത് ധാരണയില്ലാതെയാണെന്നും ജിഫ്രി തങ്ങളും സാദിഖലി തങ്ങളും നിലപാട് പറഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി
കോഴിക്കോട്:പി.എം.എ സലാമിന്റെ പ്രസ്താവനകൾക്ക് പിന്നാലെ സമസ്തയുമായുള്ള വിള്ളൽ പരിഹരിക്കാൻ നീക്കങ്ങളുമായി മുസ്‌ലിം ലീഗ്. പരസ്യപ്രസ്താവന പാടില്ലെന്ന് നേതാക്കൾക്ക് കുഞ്ഞാലിക്കുട്ടി കർശന നിർദേശം നൽകി.
എസ്‌കെഎസ്എസ്എഫിന്റെ പ്രവർത്തങ്ങളെക്കുറിച്ച് പിഎംഎ സലാം പറഞ്ഞത് ധാരണയില്ലാതെയാണെന്നും ജിഫ്രി തങ്ങളും സാദിഖലി തങ്ങളും നിലപാട് പറഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി എറണാകുളത്ത് പറഞ്ഞു.
"ഇപ്പൊ നടക്കുന്ന പ്രസ്താവനാ യുദ്ധങ്ങൾ അവസാനിപ്പിക്കാവുന്നതേയുള്ളു.. അത് അവസാനിപ്പിക്കേണ്ടതുമാണ്. ഇത് സംബന്ധിച്ചുള്ള പരസ്യ പ്രസ്താവനകൾ ഇനി തുടരേണ്ടതില്ല. ഇതിലിനി കൂടുതൽ ചർച്ചകളും സംസാരങ്ങളും വേണ്ട. സാദിഖലി തങ്ങളും ജിഫ്രി തങ്ങളും വിഷയത്തിൽ നിലപാട് പറഞ്ഞു കഴിഞ്ഞതാണ്". കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജിഫ്രി തങ്ങൾക്കെതിരെ ആദ്യ ഘട്ടത്തിൽ പിഎംഎ സലാം നടത്തിയ പരോക്ഷ പരാമർശം വിവാദമായിരുന്നെങ്കിലും പാർട്ടി സലാമിനൊപ്പം നിന്നു. എന്നാൽ കഴിഞ്ഞ ദിവസം എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദ് അലിക്കെതിരെ നടത്തിയ പരാമർശം ഏറെ വിവാദമായതോടെയാണ് ഇനി വിഷയത്തിൽ പരസ്യപ്രസ്താവനകൾ പാടില്ലെന്ന കർശന നിലപാട് കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്.
ഇക്കാര്യത്തിൽ ലീഗും സമസ്തയും തമ്മിൽ തർക്കങ്ങളില്ലെന്നും ഇരു ഭാഗത്തെയും നേതാക്കളും അറിയിച്ച സാഹചര്യത്തിൽ അത്തരം പ്രസ്താനകൾക്ക് പ്രസക്തിയില്ലെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പിഎംഎ സലാം എസ്‌കെഎസ്എസ്എഫിനെതിരെ വിവാദ പരാമർശം നടത്തിയത്. തുടർന്ന് പരാമർശത്തിനെതിരെ എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി രംഗത്തെത്തി.
എസ്‌കെഎസ്എസ്എഫിന്റെ പ്രസിഡന്റ് ആരാണെന്ന് സാഹിബിനറിയില്ലെങ്കിൽ അത് അദ്ദേഹത്തിന്റെ മനോനില കൂടിയാണ് വെളിവാക്കുന്നതെന്നും സലാം പാർട്ടി സെക്രട്ടറിയായാൽ മതി വഹാബി വക്താവാകേണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. സലാമിന് അൽപം കൂടുന്നുണ്ടെന്നും പാകത്തിന് മതിയെന്നുമായിരുന്നു എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റശീദ് ഫൈസിയുടെ പ്രതികരണം.
എസ്‌കെഎസ്എസ്എഫിനെതിരെ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ ഇന്ന് രാവിലെ ഹമീദ് അലി തങ്ങളെ സലാം ഫോണിൽ ബന്ധപ്പെട്ടിരുന്നു. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും തങ്ങളെ അപകീർത്തിപ്പെടുത്താനായി ഒന്നുമുണ്ടായിട്ടില്ലെന്നും സലാം ഫോണിൽ വ്യക്തമാക്കി.