കുനിയിൽ ഇരട്ടക്കൊലപാതകക്കേസ്; 12 പേർ കുറ്റക്കാരെന്ന് കോടതി
|മൊത്തം 21 പ്രതികളാണ് വിചാരണ നേരിട്ടത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്
മലപ്പുറം: കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ പന്ത്രണ്ട് പേർ കുറ്റക്കാർ. ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള പ്രതികളും പതിനെട്ടാം പ്രതിയും കുറ്റക്കാരാണെന്നാണ് കണ്ടെത്തൽ. മൊത്തം 21 പ്രതികളാണ് വിചാരണ നേരിട്ടത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷാവിധി 19ന് വിധിക്കും.
നീതി ഉറപ്പുവരുത്തിയെന്ന് കോടതിവിധിക്ക് ശേഷം അഭിഭാഷകൻ പ്രതികരിച്ചു. 2012 ജൂൺ പത്തിനായിരുന്നു കേസിനാസ്‌പദമായ സംഭവം. മുഖംമൂടി ധരിച്ചെത്തിയ സംഘം അരീക്കോട് കുനിയിൽ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന് അബ്ദുൽ കലാം ആസാദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ജനുവരിയിൽ കുനിയില്‍ കുറുവാങ്ങാടൻ അത്തീഖ് റഹ്മാന് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരട്ടക്കൊല നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
നൂറോളം തൊണ്ടിമുതലുകളും മൂവായിരത്തോളം രേഖകളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. 2018 സെപ്റ്റംബർ 19ന് ആണ് സാക്ഷി വിസ്താരം തുടങ്ങിയത്. കേസിൽ 275 സാക്ഷികളെ വിസ്‌തരിച്ചിരുന്നു. വിദേശത്തേക്കു കടന്ന 2 പ്രതികളെ ഇന്റർപോളിന്റെ സഹായത്തോടെയാണ് നാട്ടിലെത്തിച്ചത്.