മുഈനലി തങ്ങൾക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ല; ശക്തമായ നിയമനടപടി സ്വീകരിക്കും: പി.കെ കുഞ്ഞാലിക്കുട്ടി
|സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയും വെല്ലുവിളിച്ച് മുന്നോട്ട് പോവുകയാണെങ്കിൽ വീൽചെയറിൽ പോകേണ്ടിവരുമെന്നായിരുന്നു മുഈനലി തങ്ങൾക്ക് ലഭിച്ച ഭീഷണി സന്ദേശം.
കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾക്കെതിരായ വധഭീഷണി സന്ദേശത്തിൽ പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി. കയ്യ് വെട്ടും കാല് വെട്ടും എന്ന വെല്ലുവിളികൾ അംഗീകരിക്കാൻ പറ്റാത്തവയാണെന്നും പ്രതിഷേധാർഹമാണെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാണക്കാട് കുടുംബത്തിനെതിരായ ഭീഷണി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ ആണ്. എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുമ്പോൾ മുസ്‌ലിം ലീഗ് പ്രവർത്തകർക്കോ സമൂഹത്തിലെ ആർക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാൻ സാധ്യമല്ല. അത് കൊണ്ട് തന്നെ ഇത് തീർത്തും പ്രതിഷേധാർഹമായ കാര്യം തന്നെയാണ് .
മുസ്ലിം ലീഗ് പാർട്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. അത്തരം പ്രസ്താവനകൾ നടത്തിയവർക്കെതിരെ അതത് സമയത്ത് തന്നെ പാർട്ടി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തിലും കർശനമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ നിയമപരമായും ശക്തമായ നടപടികളുമായി പാർട്ടി മുന്നോട്ട് പോകുന്നതാണ്.