Kerala
ചന്ദ്രിക കള്ളപ്പണ നിക്ഷേപക്കേസ്; ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി കുഞ്ഞാലിക്കുട്ടി
Kerala

ചന്ദ്രിക കള്ളപ്പണ നിക്ഷേപക്കേസ്; ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി കുഞ്ഞാലിക്കുട്ടി

Web Desk
|
2 Sep 2021 2:26 PM GMT

നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസയച്ചത്. മകൻ ആഷിഖിനും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.

ചന്ദ്രിക കള്ളപ്പണ നിക്ഷേപക്കേസിൽ നാളെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകാൻ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ്. മറ്റൊരു ദിവസം ഹാജരാകാൻ മകൻ ആഷിഖിനും നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍, നാളെ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്‍റിനെ അറിയിച്ചു. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും കുഞ്ഞാലിക്കുട്ടി രേഖാമൂലം ആവശ്യപ്പെട്ടു. ഇതിന് മറുപടി നൽകിയിട്ടില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ അറിയിക്കുന്നത്.

അതേസമയം, സാമ്പത്തിക ആരോപണത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ ഇ.ഡിക്ക് സമര്‍പ്പിച്ചതായി കെ.ടി ജലീല്‍ എം.എല്‍.എ വ്യക്തമാക്കി. ചന്ദ്രിക ദിനപത്രത്തെ മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളിപ്പിച്ചെന്ന് കെ.ടി ജലീൽ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെട്ട പ്രകാരമാണ് ജലീൽ കൊച്ചി ഓഫീസിലെത്തി മൊഴി നല്‍കിയത്.

മണിക്കൂറുകൾ നീണ്ട മൊഴിയെടുപ്പിന് ശേഷം വൈകീട്ട് നാലോടെ പുറത്തെത്തിയ ജലീൽ, കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണങ്ങൾ ആവർത്തിച്ചു. കുഞ്ഞാലിക്കുട്ടിക്ക് പുറമെ മറ്റ് പല നേതാക്കളുടെയും സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇ.ഡി ചോദിച്ചെന്നും ജലീൽ പറഞ്ഞു.

മലപ്പുറം എ.ആർ നഗറിലെ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ട് എന്ന് നേരത്തെ ജലീൽ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് ഇ.ഡി ചോദിച്ചില്ലെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തൽ ഉടൻ ഉണ്ടാകുമെന്നും ജലീല്‍ വ്യക്തമാക്കി.

Related Tags :
Similar Posts