Kerala
Oommen Chandy

ഉമ്മന്‍ ചാണ്ടി

Kerala

ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത അവര്‍ക്കുവേണ്ടി ഒരു പിതാവിനെപ്പോലെ ഉറങ്ങാതെ കാത്തിരുന്നു; ലോക്ഡൗണ്‍ കാലത്തെ ഉമ്മന്‍ചാണ്ടി

Web Desk
|
18 July 2023 9:31 AM GMT

മൂന്നു ഫോണുകള്‍ നിലയ്ക്കാതെ ചിലച്ചു തുടങ്ങി. ലോകമെമ്പാടുംനിന്ന് രാത്രിയും പകലും വിളിയോടു വിളി. ലോക്ഡൗണില്‍ കുടുങ്ങിയവര്‍

കോട്ടയം: കൊറോണ കാലത്ത് ലോകം മുഴുവന്‍ അടച്ചുപൂട്ടിയിരിക്കുമ്പോഴും കര്‍മനിരതനായിരുന്നു ഉമ്മന്‍ചാണ്ടി. ലോക്ഡൗണില്‍ അന്യനാടുകളില്‍ അകപ്പെട്ടു പോയവരെ ജന്‍മദേശത്തേക്ക് എത്തിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയും അഹോരാത്രം പ്രയത്നിച്ചു. അക്കാലത്ത് പുതുപ്പള്ളിയിലെ വീട്ടിലെ ലാന്‍ഡ് ഫോണുകള്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരുന്നു. എല്ലാം സഹായം തേടിയുള്ള വിളികള്‍... അതില്‍ മിക്കവരെയും അദ്ദേഹം സഹായിച്ചു

4300 കോവിഡ് കോളുകള്‍

ലോക്ഡൗണ്‍ കാലത്ത് എല്ലാവരും പൂട്ടിക്കെട്ടി വീടുകളില്‍ വിശ്രമിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി പൂര്‍വാധികം കര്‍മനിരതനായി. ഡോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേ നിരന്തരമായ യാത്രകളും വിശ്രമമില്ലാത്ത ദിനചര്യകളും 2019 നവംബര്‍ 18ന് ഇടിച്ചുനിന്നിരുന്നു. അന്നാണ് ഡെങ്കിപ്പനി ബാധിച്ച ഉമ്മന്‍ ചാണ്ടി വീട്ടിലായത്. തുടര്‍ന്ന് ലോക്ഡൗണ്‍ വന്നു. അത് ഉമ്മന്‍ ചാണ്ടിയെ അക്ഷരാര്‍ത്ഥത്തില്‍ വീട്ടുതടങ്കലിലാക്കി. ആദ്യമായി ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ വിരുന്നുകാരന്‍ എന്ന നിലയില്‍നിന്ന് ഗൃഹനാഥന്‍ എന്ന നിലയിലേക്ക് ഉമ്മന്‍ ചാണ്ടി മാറി.

2020 മാര്‍ച്ച് 22ന് ദേശീയവ്യാപകമായ ജനതാ കര്‍ഫ്യൂവും മാര്‍ച്ച് 24 മുതല്‍ 21 ദിവസത്തെ ലോക്ഡൗണും പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ ജീവിതത്തിലാദ്യമായി കുറച്ചുനാള്‍ വിശ്രമിച്ചു. പത്രമാസികകള്‍ വിശദമായി വായിച്ചു. കൊച്ചുമകന്‍ എഫിനോവയുമായി കളിച്ചു. സിനിമകളും കണ്ടു. ലോക്ഡൗണ്‍ തീരാന്‍ കാത്തിരുന്ന ഉമ്മന്‍ ചാണ്ടിയെ ഞെട്ടിച്ചുകൊണ്ട് അതു വീണ്ടും നീട്ടി. പക്ഷേ, കീഴടങ്ങാന്‍ ഉമ്മന്‍ ചാണ്ടി തയാറായില്ല. 11 ലക്ഷത്തിനടുത്ത് അനുയായികളുള്ള തന്‍റെ ഫേസ് ബുക്കില്‍ ഒരു ചെറിയ കുറിപ്പിട്ടു. വീട്ടിലെ ലാന്‍ഡ് ഫോണ്‍ നമ്പരുകളും അതിനറ്റത്ത് താനുമുണ്ടെന്നുമായിരുന്നു അത്.

മൂന്നു ഫോണുകള്‍ നിലയ്ക്കാതെ ചിലച്ചു തുടങ്ങി. ലോകമെമ്പാടുംനിന്ന് രാത്രിയും പകലും വിളിയോടു വിളി. ലോക്ഡൗണില്‍ കുടുങ്ങിയവര്‍, രോഗികളായവര്‍, വിമാനം വേണ്ടവര്‍, ട്രെയിന്‍ വേണ്ടവര്‍, ബസ് വേണ്ടവര്‍, ചികിത്സ വേണ്ടവര്‍. എല്ലാ വിളികളും ഉമ്മന്‍ ചാണ്ടി തന്നെ അറ്റന്‍ഡ് ചെയ്തു. അതിനായി ഒരു ഡയറി തുറന്നു. വിളിക്കുന്നയാളുടെ ആവശ്യവും ഫോണ്‍നമ്പരും കുറിച്ചെടുത്തു. പിന്നെ അവരെ തിരികെ വിളിച്ചു. 4300ലധികം ഫോണ്‍ നമ്പരുകളാണ് ആ ബുക്കില്‍ കുറിച്ചുവച്ചിരിക്കുന്നത്. ഇതില്‍ മിക്കവരെയും സഹായിച്ചു.

ലോക്‍ഡൗണ്‍ മൂലം സ്റ്റാഫിനു വരാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എങ്കിലും ഒരു കോളും അറ്റന്‍ഡ് ചെയ്യാതെ പോയില്ല. ഒരാവശ്യവും നടക്കാതിരുന്നില്ല. സഹായിക്കാന്‍ പറ്റിയവരെ കയ്യും മെയ്യും മറന്ന് സഹായിച്ചു. ശബ്ദത്തിനു തകരാര്‍ ഉള്ളതുകൊണ്ട് ഡോക്ടര്‍മാര്‍ വോയിസ് റെസ്റ്റാണ് നിര്‍ദേശിച്ചിരുന്നത്. നിരന്തരമായ ഫോണ്‍ ഉപയോഗംമൂലം ശബ്ദം കൂടുതല്‍ തകരാറിലായി. ലോക്ഡൗണ്‍ കാലത്ത് പ്രവാസികളെ തിരികെ എത്തിക്കാന്‍ 'കൂടണയും വരെ കൂടെയുണ്ട്' എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. അത് നൂറു ശതമാനവും നടപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിച്ചു.

അവര്‍ക്കുവേണ്ടി ഒരു പിതാവിനെപ്പോലെ ഉറങ്ങാതെ കാത്തിരുന്നു

മുംബൈ ടു കേരള

കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി അനൂപ് ലോക്ഡൗണ്‍ കാലത്ത് മുംബൈയില്‍ പെട്ടുപോയത് പ്രതിശ്രുത വധുവിനോപ്പം. അനൂപിന്റെ പ്രതിശ്രുത വധു ടീന മുംബൈയില്‍ നഴ്‌സാണ്. അസുഖബാധിതയായ ടീനയുടെ ഓപ്പറേഷനുവേണ്ടി മാര്‍ച്ച് 17നു അനൂപ് മുംബൈയിലെത്തി. മാര്‍ച്ച് 25ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഓപ്പറേഷനുശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മുംബൈ പനവേലില്‍ ഗസ്റ്റ് ഹൗസില്‍ വാടകയ്ക്ക് താമസം തുടങ്ങി. നാട്ടിലേക്ക് വരാന്‍ പല വഴികളും നോക്കി. ടീനയുടെ കൂടെ കോട്ടയംകാരിയായ മറ്റൊരു നഴ്‌സുണ്ട്. പൂര്‍ണ ഗര്‍ഭിണിയായ അവര്‍ക്കും എത്രയും വേഗം നാട്ടില്‍ വരണം.

എറണാകുളത്തുള്ള ടീനയുടെ ചേട്ടന്‍ വഴി ഉമ്മന്‍ ചാണ്ടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. വിളിച്ചപ്പോള്‍ തന്നെ അദ്ദേഹം ഫോണെടുത്തു. തിരികെ വിളിക്കാമെന്നു പറഞ്ഞു. ഇത്രയും തിരക്കുള്ള ആള്‍ക്കാരൊക്കെ തിരിച്ചുവിളിക്കുമോ? ആ പ്രതീക്ഷയും അസ്തമിച്ചു. പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ വിളിയെത്തി. മുംബൈയില്‍ ജോജോ തോമസ്, എല്‍ദോ ചാക്കോ എന്നിവരുടെയും പ്രൈവറ്റ് സെക്രട്ടറി ആര്‍കെ ബാലകൃഷ്ണന്റെയും നമ്പരുകള്‍ നല്കി. അങ്ങോട്ടു വിളിക്കുന്നതിനു മുമ്പ് മൂവരുടെയും വിളികളെത്തി. പിന്നെ കാര്യങ്ങള്‍ അതിവേഗം നീങ്ങി. എല്‍ദോയുടെ വണ്ടിയില്‍ നാട്ടിലേക്ക് യാത്ര ആരംഭിച്ചു. മഞ്ചേശ്വരത്ത് എത്തിയപ്പോള്‍ വണ്ടി തടഞ്ഞു. ആര്‍കെയുടെ വിളി എത്തിയതോടെ ആ തടസവും നീങ്ങി. പുലര്‍ച്ചെ രണ്ടു മണിക്ക് അനൂപും ടീനയും വീട്ടിലെത്തി. കോട്ടയംകാരി നഴ്‌സിനെ കോട്ടയത്ത് എത്തിച്ചിട്ടാണ് എല്‍ദോ മടങ്ങിയത്. ഇതിനിടെ പല തവണ ഉമ്മന്‍ ചാണ്ടിയുടെ വിളിയെത്തി. നിര്‍ദിഷ്ട സ്ഥലത്ത് എത്തുന്നതുവരെ. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത അവര്‍ക്കുവേണ്ടി ഒരു പിതാവിനെപ്പോലെ ഉറങ്ങാതെ കാത്തിരുന്നു!



ശശി തരൂരിന്‍റെ ഓസിച്ചേട്ടന്‍

കുഞ്ഞ്, കുഞ്ഞൂഞ്ഞ്, ഓസി, ഉമ്മന്‍ ചാണ്ടി അങ്ങനെ പല പേരുകളാണ് ഉമ്മന്‍ ചാണ്ടിക്ക്. ഓസിച്ചേട്ടന്‍ എന്നു വിളിക്കുന്നത് ശശി തരൂര്‍ എം.പി.ആരെന്തു വിളിച്ചാലും ഉമ്മന്‍ ചാണ്ടിക്ക് ഒരുപോലെ. പുതുപ്പള്ളിയില്‍ സമപ്രായക്കാര്‍ കുഞ്ഞൂഞ്ഞേ എന്നും കൊച്ചുപിള്ളേര്‍ വരെയുള്ളവര്‍ ഉമ്മന്‍ ചാണ്ടിയെന്നും വിളിക്കും. പാര്‍ട്ടിക്കാര്‍ക്കിടയിലും തിരുവനന്തപുരത്തുമാണ് ഓസി പ്രചാരത്തിലുള്ളത്. ഒരിക്കല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പയ്യപ്പാടിയില്‍ ഒരു മരണമുണ്ടായി. ഏതാനും ദിവസം കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി മരണവീട് സന്ദര്‍ശിച്ചു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് ആവേശത്തോടെ 'ദേ, ഉമ്മന്‍ ചാണ്ടി..' എന്ന് വിളിച്ചുപറഞ്ഞു.

പിതാവ് ദേഷ്യത്തോടെ കുട്ടികളുടെ ചെവിക്കു പിടിച്ചു. എന്തിനാണ് കുട്ടികളെ ശിക്ഷിച്ചതെന്ന് ഉമ്മന്‍ ചാണ്ടി. ''കുട്ടികള്‍ സാറേന്നു വിളിക്കണം. അല്ലാതെ പേരു വിളിക്കരുത്.'' ''താനെന്താ എന്നെ വിളിക്കുന്നത്?'' ഉമ്മന്‍ ചാണ്ടി ചോദിച്ചു. ''ഉമ്മന്‍ ചാണ്ടീന്ന്.'' ''താന്‍ വിളിക്കുന്നതു കേട്ടല്ലേ കുട്ടികളും വിളിക്കുന്നത്. മേലാല്‍ ഇതിന്റെ പേരില്‍ കുട്ടികളുടെ ചെവിക്കു പിടിക്കരുത്.'' ഉമ്മന്‍ ചാണ്ടി കുട്ടികളെക്കൊണ്ട് 'ഉമ്മന്‍ ചാണ്ടി' എന്ന് വിളിപ്പിച്ചിട്ടാണ് അവിടെനിന്നു പോയത്.

പുരസ്‌കാരങ്ങളില്‍നിന്നു ലഭിക്കുന്ന പണം പാവപ്പെട്ടവരെ സഹായിക്കാന്‍

കുഞ്ഞൂഞ്ഞിന്‍റെ കുറിപ്പ്

ഉമ്മന്‍ ചാണ്ടിക്ക് അവാര്‍ഡ് ഉണ്ടോയെന്ന് എന്നും പത്രത്തില്‍ പരതുന്ന ഒരാള്‍ കോട്ടയത്തുണ്ട്. ''പ്രിയപ്പെട്ട കൊച്ചുമോന്‍, ഈ കത്തുമായി വരുന്ന ആള്‍ക്ക് ആവശ്യമായ മരുന്ന് നല്കി സഹായിക്കണം..'' ഉമ്മന്‍ ചാണ്ടിയുടെ സ്ഥിരം കത്താണ്. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി ദര്‍ബാറില്‍ മരുന്നുവാങ്ങാനുള്ള സഹായം തേടിയെത്തുന്നവര്‍ ഏറെ. അവരെ കത്തുമായി കോട്ടയത്തെ മണര്‍കാട് മെഡിക്കല്‍സിലേക്കാണ് അയയ്ക്കുന്നത്. പുരസ്‌കാരങ്ങളില്‍നിന്നു ലഭിക്കുന്ന ക്യാഷ് അവാര്‍ഡാണ് മരുന്നിന്‍റെ ബില്‍ അടയ്ക്കാന്‍ ഉപയോഗിക്കുന്നത്. കടയുടമ കൊച്ചുമോന്‍ പത്രം കിട്ടിയാല്‍ ആദ്യം നോക്കുന്നത് ഉമ്മന്‍ ചാണ്ടിക്ക് അവാര്‍ഡ് വല്ലതും ഒത്തിട്ടുണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ കയ്യോടെ പോയി കുടിശിക വാങ്ങും. ഒരിക്കല്‍ നല്ല തുകയുള്ള അവാര്‍ഡിന്റെ വാര്‍ത്ത പത്രത്തില്‍ കണ്ട കൊച്ചുമോന്‍ പ്രതീക്ഷയോടെ ഉമ്മന്‍ ചാണ്ടിയുടെ അടുത്തു ചെന്നു.

''കൊച്ചുമോനേ.. പുരസ്‌കാരവും കവറും കിട്ടി. പക്ഷേ, കവര്‍ കാലിയായിരുന്നു!'' ഉമ്മന്‍ ചാണ്ടി സങ്കടപ്പെട്ടു. അടുത്ത അവാര്‍ഡ് വരട്ടെയെന്നു പറഞ്ഞ് കൊച്ചുമോനെ മടക്കിയയച്ചു. മറ്റൊരിക്കല്‍ ഉമ്മന്‍ ചാണ്ടിയുടെ കുറിപ്പുമായി ഒരു അപ്പാപ്പന്‍ കൊച്ചുമോന്റെ കടയിലെത്തി. സൗജന്യ മരുന്നിന്‍റെ കൂടെ ഒരു കുപ്പി ഹോര്‍ലിക്സും വാങ്ങിയ അപ്പാപ്പന്‍ അതും കുഞ്ഞൂഞ്ഞിന്‍റെ പറ്റിലെഴുതിക്കോ എന്നു പറഞ്ഞ് ഒറ്റനടപ്പ്!

(കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Similar Posts