കുന്നംകുളം അപകടം; കെ സ്വിഫ്റ്റ് ബസ് കസ്റ്റഡിയിലെടുത്തു
|പരച്ചാമിയെ ആദ്യം പിക്കപ്പ് വാൻ ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
തൃശൂർ: കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശി അപകടത്തിൽ മരിച്ച കേസിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവറെ പൊലീസ് ചോദ്യംചെയ്യുകയാണ്. തമിഴ്‌നാട് സ്വദേശി പരച്ചാമിയാണ് അപകടത്തിൽ മരിച്ചത്.
തൃശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ്സാണ് കുന്നംകുളത്തെത്തിച്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ചോദിച്ചറിയുന്നത്. പുലർച്ചെ 5.30 നാണ് അപകടമുണ്ടായത്. നിലത്തു വീണയാളുടെ മുകളിലൂടെ വാഹനം കയറി പോയാണ് അപകടം. പരച്ചാമിയെ ആദ്യം പിക് അപ് വാൻ ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്നു പിക്കപ്പ് വാഹനവും കസ്റ്റഡിയിലെടുത്തു. രണ്ടു ഡ്രൈവർമാരെയും ചോദ്യം ചെയ്തതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം.
കടയിൽ നിന്ന് ചായ കുടിച്ചതിന് ശേഷം റോഡ് മുറിച്ചുകടക്കവെയാണ് പരച്ചാമി അപകടത്തിൽപെട്ടത്. വേഗതയിൽ എത്തിയ ബസ് പരസ്വാമിയെ ഇടിക്കുകയായിരുന്നുവെന്ന തരത്തിലാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. അപകടമുണ്ടാക്കിയ ബസ് നിർത്താതെ പോയെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തായത്. അതേസമയം പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിച്ചാമിയുടെ ജീവൻ രക്ഷിക്കാനായില്ല. കെ.എസ്.ആർ.ടി.സിയുടെ പുതിയതായി സർവീസ് ആരംഭിച്ചതാണ് കെ സ്വിഫ്റ്റ്. ഫ്‌ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് ബസുകൾ അപകടത്തിൽ പെട്ടിരുന്നു. ഏപ്രിൽ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചിരുന്നത്.