'ഇപ്പോ ആ പെർഫ്യൂമുണ്ടോ എന്നു പോലും അറിയില്ല. ലാഭവിഹിതവും കിട്ടിയിട്ടില്ല'; ലോകത്തൊരിടത്തും ബിസിനസില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ
|ദുബായിൽ ബിസിനസുണ്ടെന്ന ആരോപണങ്ങളിൽ ഫേസ്ബുക്ക് ലൈവിലാണ് ഫിറോസിന്റെ മറുപടി
ദുബായിലല്ല, ലോകത്തൊരിടത്തും തനിക്ക് ബിസിനസില്ലെന്ന് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ജീവകാരുണ്യ പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പിൽ. ബിസിനസ് തുടങ്ങുന്നുണ്ടെങ്കിൽ അത് നിർഭയം പറയാൻ തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ ബിസിനസുണ്ടെന്ന ആരോപണങ്ങളിൽ ഫേസ്ബുക്ക് ലൈവിലാണ് ഫിറോസിന്റെ പ്രതികരണം.
'ദുബായിൽ എനിക്ക് ബിസിനസുണ്ടെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. രണ്ട് പെർഫ്യൂമുകൾ തന്റെ പേരു വച്ച് ഇറങ്ങുന്നുണ്ട്. ലാഭത്തിന്റെ ഇത്ര ശതമാനം നിങ്ങളുടെ ചാരിറ്റിക്ക് തരാം എന്നു പറഞ്ഞതു കൊണ്ടാണ് അവരുടെ ബ്രാൻഡ് അംബാസഡറായി കൂടെ നിന്നത്. ഇപ്പോ ആ പെർഫ്യൂമുണ്ടോ എന്നു പോലും അറിയില്ല. എനിക്കതിന്റെ ലാഭത്തിന്റെ വിഹിതമൊന്നും കിട്ടിയിട്ടില്ല. അവർ പറഞ്ഞത് കച്ചവടം എന്തായി, ഏതായി എന്നറിയില്ല എന്നാണ്. ഞാനതിന്റെ പിറകെ പോയിട്ടുമില്ല' - അദ്ദേഹം പറഞ്ഞു.
തന്റെ കൈയിൽ പണമുണ്ടെങ്കിൽ ബിസിനസ് ചെയ്യാൻ അറിയാം. അതു പറയാൻ പേടിയുമില്ല. ദുബായിൽ അല്ല, ലോകത്തെവിടെയും തനിക്ക് ബിസിനസില്ല. ഇനി ഉണ്ടെങ്കിൽ ആ ബിസിനസ് തുടങ്ങുന്ന സമയത്ത് പച്ചയ്ക്ക് നിങ്ങളുടെ മുമ്പിൽ വന്നു പറയുകയും ചെയ്യും. അതിൽ ആരെയും പേടിയില്ല. പോസ്റ്ററുകൾ എഡിറ്റ് ചെയ്തുണ്ടാക്കിയാണ് തനിക്കെതിരെ പ്രചാരണം നടന്നത്. കുറേ അന്തം കമ്മികളാണ് ഇതിനു പിന്നിൽ- ഫിറോസ് പറഞ്ഞു.
റിസോർട്ടിൽ സുഖചികിത്സയ്ക്ക് പോയെന്ന പ്രചാരണത്തിലും ഫിറോസ് മറുപടി നൽകി. 'ഒരുഴുച്ചിലിന് പോകണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നു. മലപ്പുറത്ത് പോയ വേളയിൽ അവിടെ ഒരു ആയുർവേദ റിസോർട്ടിൽ പോയിരുന്നു. കയറുമ്പോൾ ഏഴു മണിയായിരുന്നു. ഡോക്ടർ പരിശോധിച്ചു. അവിടെ ഉഴിച്ചിലിനൊന്നും നിന്നില്ല. രാവിലെ തന്നെ വീട്ടിലേക്ക് തിരിച്ചു പോന്നു. എതിർ സ്ഥാനാർത്ഥി എവിടെപ്പോയി എന്നറിയില്ല. യുഡിഎഫിന്റെ ആളുകൾ അതന്വേഷിക്കാൻ നിൽക്കാറില്ല. അതവരുടെ വ്യക്തിപരമായ കാര്യമെന്നാണ് അവർ ചിന്തിക്കുന്നത്. എന്നാൽ മറ്റേ വിഭാഗം അങ്ങനെയല്ല. ചിലർക്ക് നിഴലു കണ്ടാലും കുരച്ചു കൊണ്ടിരിക്കണം. അതവരുടെ രീതിയാണ്' - അദ്ദേഹം കൂട്ടിച്ചേർത്തു.