Kerala
കൈവിലങ്ങോടെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവ സംഘാംഗം പിടിയിൽ
Kerala

കൈവിലങ്ങോടെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവ സംഘാംഗം പിടിയിൽ

Web Desk
|
16 Nov 2024 4:59 PM GMT

സ്ത്രീകൾ ഉൾപ്പെട്ട സംഘം പൊലീസിനെ ആക്രമിച്ച അവസരം മുതലാക്കിയാണ് സന്തോഷ് രക്ഷപ്പെട്ടത്

എറണാകുളം: കുണ്ടന്നൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും കൈവിലങ്ങുമായി ചാടിപ്പോയ കുറുവ സംഘാംഗം പിടിയിൽ. കുണ്ടന്നൂരിൽ വച്ച് മണ്ണഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് തമിഴ്‌നാട് സ്വദേശി ചാടിപ്പോയത്. തുടർന്ന് പ്രദേശത്തെ വനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. സന്തോഷിൻ്റെ ഭാര്യയും അമ്മയും പൊലീസിനെ ആക്രമിച്ച അവസരം മുതലാക്കിയാണ് സന്തോഷ് രക്ഷപ്പെട്ടത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിൽപ്പെട്ട മറ്റൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

എറണാകുളം പറവൂരിൽ കുറുവസംഘമെത്തിയെന്ന് സംശയിക്കുന്ന വീടുകളിൽ ഇന്നും പ്രത്യേകസംഘം പരിശോധന നടത്തിയിരുന്നു. ഇതുവരെ ഏഴ് വീടുകളിൽ മോഷ്ടാക്കളെത്തിയെന്നാണ് കണ്ടെത്തൽ. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിനാണ് അന്വേഷണ ചുമതല. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഇതുവരെ പറവൂർ മേഖലയിൽ മാത്രമാണ് മോഷ്ടാകളുടെ സാന്നിധ്യം കണ്ടെത്തിയത്.

കുമാരമംഗലം, കരിമ്പാടം, തൂയിത്തറ മേഖലകളിലാണ് കുറുവസംഘത്തിന്റേതിന് സമാനമായ സംഘമെത്തിയത്. വീടുകളുടെ പിൻവാതിൽ തകർത്ത് മോഷണശ്രമം നടന്നു. ഇതിനുപിന്നാലെ പൊലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Similar Posts