കുപ്രസിദ്ധ കൊള്ളസംഘം കോഴിക്കോട്ടും? രാത്രി കാരണമില്ലാതെ നഗരത്തിൽ കണ്ടാൽ പണികിട്ടും
|ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ് ആവശ്യപ്പെട്ടു
തമിഴ്നാട്ടിൽനിന്നുള്ള കുപ്രസിദ്ധ കൊള്ള സംഘം കോഴിക്കോട് നഗരത്തിലുമെത്തിയതായി പൊലീസ്. അക്രമം നടത്തി മോഷണം നടത്തുന്ന 'കുറുവ' സംഘമാണ് നഗരത്തിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. രാത്രി നഗരത്തിൽ മതിയായ കാരണമില്ലാതെ കറങ്ങിനടന്നാൽ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറുവ സംഘം മോഷണം നടത്തിയതായി പൊലീസിനു പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണസംഘത്തെ പിടികൂടുകയും ചെയ്തു. എന്നാൽ, ഇവർക്കു പുറമെ വേറെയും സംഘം നഗരപരിധിയിലെത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.
സാധാരണ മോഷ്ടാക്കളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ അപകടകാരികളാണ് കുറുവ സംഘം. വീടുകളുടെ വാതിൽ അടിച്ചുപൊളിച്ചാണ് സംഘം അകത്തുകടക്കുക. വീട്ടിനകത്ത് ആളുണ്ടെങ്കിൽ ആയുധങ്ങൾ കൊണ്ട് അക്രമിക്കുകയും ചെയ്യും.
ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ് ആവശ്യപ്പെട്ടു. കോടാലി, തൂമ്പ പോലുള്ളവ രാത്രിസമയങ്ങളിൽ പുറത്തുവയ്ക്കരുത്. അസമയത്ത് സംശയാസ്പദമായ നിലയിലുള്ള എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ പൊലീസ് കൺട്രോൾ റൂമിലെ 04952721697 എന്ന നമ്പറിൽ ബന്ധപ്പെടണം.