കുതിരാൻ തുരങ്കം തുറക്കുന്നത് കേരള സര്‍ക്കാരിനെ അറിയിച്ചത് വൈകി: രാഷ്ട്രീയ വിവാദം
|ഇന്നലെ വൈകിട്ടോടെ കുതിരാൻ തുരങ്കം തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കേരള സർക്കാരിന് ഒരു ഔദ്യോഗിക അറിയിപ്പും അഞ്ചര വരെ ലഭിച്ചതുമില്ല.
കുതിരാൻ തുരങ്കത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ പേരിൽ രാഷ്ട്രീയ വിവാദം ഉടലെടുക്കുന്നു. തുരങ്കം തുറക്കുന്ന കാര്യം ഇന്നലെ വൈകിട്ടോടെ മാത്രമാണ് സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ സർക്കാരിന്‍റെ കാലം മുതൽ മാത്രമാണ് പദ്ധതിക്ക് വേഗം വെച്ചതെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം
ഇന്നലെ വൈകിട്ടോടെ കുതിരാൻ തുരങ്കം തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സർക്കാരിന് ഒരു ഔദ്യോഗിക അറിയിപ്പും അഞ്ചര വരെ ലഭിച്ചതുമില്ല. തുരങ്കം തുറക്കുന്ന കാര്യത്തിൽ നേരത്തെ അറിയിപ്പ് നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും അതും നടപ്പായില്ല. കേന്ദ്രത്തിന്‍റെ നടപടിയിൽ സർക്കാരിന് അതൃപ്തിയുണ്ടെങ്കിലും പരസ്യ പോരിന് ഇപ്പോൾ പോകേണ്ടതില്ലെന്നാണ് നിലപാട്. അതേ സമയം പദ്ധതി പൂർത്തികരിക്കാൻ ഒന്നാം പിണറായി സർക്കാർ ചെയ്ത കാര്യങ്ങൾ എണ്ണിപ്പറയുകയും ചെയ്യുന്നുണ്ട്.
തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു ദിവസം പറയണമെന്ന് മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. കേന്ദ്ര നടപടിയിലുള്ള അതൃപ്തി പ്രകടമാക്കാതെയായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. അടുത്ത ഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകും. ഒറ്റ തുരങ്കം തുറന്നതിന്റെ പേരിൽ ടോൾ പിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനം രണ്ടാം പിണറായി സർക്കാരിന്‍റെ പ്രധാന അജണ്ടയായതുകൊണ്ട് കുതിരാന്‍റെ പേരിൽ കേന്ദ്രവുമായി പരസ്യ ഏറ്റുമുട്ടലിന് സർക്കാർ നിന്നേക്കില്ല.