കുട്ടനാട് പാക്കേജ്; യന്ത്രങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് സി.എ.ജി റിപ്പോർട്ട്
|'യന്ത്രങ്ങളുടെ വിനിയോഗം മെച്ചപ്പെടുത്താത്തിന് സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമല്ല'
ആലപ്പുഴ: കുട്ടനാട് പാക്കേജിന് കീഴിൽ വാങ്ങിയ യന്ത്രങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് സിഎജി റിപ്പോർട്ട്. പാക്കേജിനായി വാങ്ങിയ യന്ത്രങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ സർക്കാരിന് വലിയ വീഴ്ച സംഭവിച്ചു. യന്ത്രങ്ങളുടെ വിനിയോഗം മെച്ചപ്പെടുത്താത്തിന് സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്റ്റാമ്പ് ആക്ട് ഭേദഗതി വ്യവസ്ഥ പാലിക്കാതെ അരക്കോടിയിലേറെ രൂപയുടെ നഷ്ടം ജലവിഭവ വകുപ്പും വരുത്തിയതായി സിഎജി കണ്ടെത്തി.
കുട്ടനാട്ടിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് യന്ത്രങ്ങൾ മാറ്റിയെങ്കിലും അവയുടെ യഥാർഥ വിനിയോഗം സംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിന് അവ്യക്തതയുണ്ട്. ഇക്കാര്യം അറിയിച്ച് സർക്കാർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് സിഎജി റിപ്പോർട്ട് പറയുന്നു. ഇരുപത്തിനാലായിരത്തോളം ലിറ്റർ വിർജിൻ കോക്കനട്ട് ഓയിൽ, ഉത്പാദിപ്പിച്ചെങ്കിലും രണ്ടായിരത്തിഇരുപത് സെപ്റ്റംബർ വരെ 873 ലിറ്റർ മാത്രമാണ് വിൽക്കാനായത്. ഇതിന് പുറമേ ജലവിഭവ വകുപ്പിൻറെ വീഴ്ച കൊണ്ട് 56.57 ലക്ഷത്തിൻറെ നഷ്ടം സർക്കാരിനുണ്ടായി. 1959ലെ സ്റ്റാമ്പ് ആക്ടിലെ ഭേദഗതി വരുത്തിയ വ്യവസ്ഥകൾ പാലിക്കുന്നതിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതിന് കാരണം.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ കെട്ടിടങ്ങളുടെ അധിക തറ വിസ്തീർണത്തിന് ഫീസ് ഈടാക്കുന്നതിൽ വരുത്തിയ പിഴവ് കാരണം 1.11 കോടിയുടെ കുറവ് ഉണ്ടായതായി സിഎജി കണ്ടെത്തി. കരുനാഗപള്ളി സ്വകാര്യ ബസ് സ്റ്റാൻഡ് നിർമാണത്തിനായി മുൻസിപാലിറ്റി വരുത്തിവെച്ചത് അഞ്ച് കോടിയുടെ നഷ്ടം. ഇത് നിഷ്ഫല ചിലവാണെന്ന് സിഎജി കണ്ടെത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 65.27 ലക്ഷം രൂപയുടെ വരുമാന നഷ്ടമുണ്ടായി. മെറ്റീരിയൽ ടെസ്റ്റിങ് ഫീസ് ഈടാക്കുന്നിൽ സംഭവിച്ച വീഴ്ചയാണ് ഇതിന് കാരണമായി സിഎജി ചൂണ്ടിക്കാട്ടുന്നത്.
സർക്കാർ സംവിധാനങ്ങളിലെ വീഴ്ചമൂലം ഉണ്ടായ വരുമാന നഷ്ടം എണ്ണിയെണ്ണി പറയുന്നുണ്ട് സിഎജി റിപ്പോർട്ട്. കാര്യക്ഷമമല്ലാതെയുള്ള ഇടപെടലാണ് സർക്കാരിന് കോടികളുടെ നഷ്ടം വരുത്തിവെച്ചത്. ഇത് ഇങ്ങനെ തുടർന്നാൽ നഷ്ടത്തിൻറെ കണക്ക് മാത്രമാകും സിഎജിക്ക് പറയാനുണ്ടാകുക.