സ്വപ്നങ്ങൾ ബാക്കിയാക്കി മടക്കം; ജന്മനാട്ടിലേക്ക് അവസാന യാത്ര
|പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ മൃതദേഹങ്ങളുമായി വീടുകളിലേക്ക് അവസാന യാത്ര.
കൊച്ചി: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 31 പേർക്ക് നാടിന്‍റെ അന്ത്യാഞ്ജലി. കുവൈത്ത് ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പൊതുദർശനത്തിനുവെച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 31 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനു വെച്ചപ്പോൾ കേരളമാകെ സങ്കടക്കരച്ചിലുയർന്നു. വൈകാരിക രംഗങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സംസ്ഥാന മന്ത്രിമാർ, കേന്ദ്രമന്ത്രിമാരായ കീർത്തി വർധൻ സിങ്, തമിഴ്നാട് വേണ്ടി മന്ത്രി കെ.എസ്.മസ്താൻ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. പൊലീസിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം. പിന്നീട് പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ മൃതദേഹങ്ങളുമായി വീടുകളിലേക്ക് അവസാന യാത്ര.
45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ ഐഎഫ്‌സി 0564 നമ്പർ കാർഗോ വിമാനം രാവിലെ 6.20ന് കുവൈത്തിൽ നിന്ന് പുറപ്പെട്ട് രാവിലെ10.30 ഓടെയാണ് നെടുമ്പാശ്ശേരിയിൽ വിമാനം ലാന്‍ഡ് ചെയ്തത്. ഏറെ വേദനയോടെയുള്ള നാടിന്റെ കാത്തിരിപ്പിനാണ് ഇതോടെ അറുതിയായത്.
കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് നോർക റൂട്ട്സിന് കീഴിൽ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. കൂടാതെ തമിഴ്നാട് ഗവൺമെന്റിന്റെ എട്ട് ആംബുലൻസുകളും വിമാനത്താവളത്തിൽ എത്തി.
തീപിടിത്തത്തിൽ 45 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ 4.05ഓടെയാണ് കുവൈത്തിലെ മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ലേബർ ക്യാമ്പിൽ തീപിടിത്തമുണ്ടായത്. തൊഴിലാളികൾ ഉറങ്ങിക്കിടക്കവെയായിരുന്നു അപകടം.