കുവൈത്ത് തീപിടിത്തം; ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
|ലൈഫ് മിഷൻ പദ്ധതി വഴി കുടുംബത്തിന് വീട് നിർമിച്ചു നൽകാനാണ് തീരുമാനം
തൃശൂർ: കുവൈത്തിലെ തീപിടുത്തത്തിൽ മരിച്ച തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ എന്നിവർ ബിനോയുടെ തെക്കൻ പാലയൂരിലെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. സർക്കാർ പ്രഖ്യാപിച്ച ധനസഹായം അഞ്ച് ലക്ഷവും, നോർക്ക വഴി വിവിധ വ്യവസായികൾ പ്രഖ്യാപിച്ച ധനസഹായവും ഉൾപ്പെടെ 14 ലക്ഷം രൂപയാണ് ബിനോയിയുടെ കുടുംബത്തിന് കൈമാറിയത്.
ലൈഫ് മിഷൻ പദ്ധതി വഴി കുടുംബത്തിന് വീട് നിർമിച്ചു നൽകാനാണ് തീരുമാനം. ഇതിനായി ചാവക്കാട് നഗരസഭ പ്രത്യേക യോഗം ചേർന്ന് ഐക്യകണ്ഠേന അജണ്ട പാസാക്കിയിരുന്നു. വീടിൻറെ നിർമാണ പ്രവർത്തികൾ എത്രയും വേഗം ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കുടുംബത്തിന് സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സവിശേഷമായ ശ്രദ്ധയും പരിഗണനയും ഉണ്ടാവുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ബിനോയ് തോമസിൻ്റെ മകന് ജോലി നൽകുമെന്നും മന്ത്രിമാർ അറിയിച്ചു. എൻ.കെ അക്ബർ എം.എൽ.എ, ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജ, മുനിസിപ്പാലിറ്റി ചെയർമാൻ തുടങ്ങിയവർ സംബന്ധിച്ചു.