Kerala
kuwait fire the bodies of indians will reach kochi on friday morning
Kerala

45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വിമാനം 10:30 ന് എത്തും; കൊച്ചിയിൽ 31 മൃതദേഹങ്ങൾ കെെമാറും

Web Desk
|
14 Jun 2024 3:05 AM GMT

തമിഴ്നാട് ഗവൺമെന്റിന്റെ എട്ട് ആംബുലൻസുകളും കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ 10:30 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്തിമോപചാരം അർപ്പിക്കും.

രാവിലെ കൊച്ചിയിലെത്തുന്ന വിമാനം 23 മലയാളികളുടെയും കർണാടക തമിഴ്നാട് സ്വദേശികളുടെയും മൃതദേഹങ്ങൾ കൈമാറി ഡൽഹിയിലേക്ക് പോകും. മൃതദേഹങ്ങൾ കൊച്ചിയിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്. 23 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചത്. കൊച്ചിയിലെത്തുന്ന മൃതദേഹം ആംബുലൻസ് മാർഗം അവരവരുടെ നാട്ടിലെത്തിക്കും. ഇതിനായി നോർക്കാ നിർദേശ പ്രകാരം ആംബലൻസുകൾ തയാറായി കഴിഞ്ഞു. മരിച്ച അയൽ സംസ്ഥാനത്തുള്ളവരുടെ മൃതദേഹവും കൊച്ചിയിലാണ് എത്തുന്നത്. പിന്നീട് ഇവിടെ നിന്നും അതാതിടങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുക.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് നോർക റൂട്ട്സിന് കീഴിൽ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന് പ്രത്യേക ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്നാട് ഗവൺമെന്റിന്റെ എട്ട് ആംബുലൻസുകളും വിമാനത്താവളത്തിൽ എത്തിട്ടുണ്ട്.

അതേസമയം, തീപിടിത്തത്തിൽ സുരക്ഷാവീഴ്ച ആരോപിച്ച് രണ്ട് പേരെ അറസ്സ് ചെയ്തതായി പ്രദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. കുവൈത്ത് പൗരനെയും പ്രവാസിയേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനുമാണു കേസ്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

മംഗഫിലെ കെട്ടിടത്തിന് തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തിയിരുന്നു. സാങ്കേതിക പരിശോധനയും അന്വേഷണവും പൂർത്തിയായതിന് പിന്നാലെയാണ് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ജനറൽ ഫയർഫോഴ്‌സ് വിഭാഗം അറിയിച്ചത്. സാക്ഷികളിൽ നിന്നുള്ള വിവരശേഖരണം കഴിഞ്ഞദിവസം പൂർത്തിയാക്കിയതായും അന്വേഷണ സംഘം അറിയിച്ചു. താഴത്തെ നിലയിലെ ഗാർഡ് റൂമിലാണ് തീപിടിത്തമുണ്ടായത്. ഇത് സാങ്കേതിക പരിശോധനയിൽ നിന്ന് വ്യക്തമായതായും അധികൃതർ അറിയിച്ചു.

തീപിടിത്തത്തിൽ 45 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ 4.05ഓടെയാണ് കുവൈത്തിലെ മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ‌ലേബർ ക്യാമ്പിൽ തീപിടിത്തമുണ്ടായത്. തൊഴിലാളികൾ ഉറങ്ങിക്കിടക്കവെയായിരുന്നു അപകടം.

Similar Posts