കുവൈത്ത് തീപിടിത്തം; മരിച്ച മൂന്ന് പേർക്ക് കൂടി നാട് വിട നൽകി
|മരിച്ച ചാവക്കാട് സ്വദേശി ബിനോയിയുടെ കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതി വഴി വീട് നിർമിച്ച് നൽകും
കോഴിക്കോട്: കുവൈത്ത് ദുരന്തത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹം കൂടി ഇന്ന് സംസ്കരിച്ചു. പായിപ്പാട് സ്വദേശി ഷിബു വർഗീസ്, ഇത്തിത്താനം സ്വദേശി ശ്രീഹരി, മേപ്രാൽ സ്വദേശി തോമസ് എന്നിവർക്കാണ് യാത്രാമൊഴി ചൊല്ലിയത്. മരിച്ച ചാവക്കാട് സ്വദേശി ബിനോയുടെ കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതി വഴി വീട് നിർമിച്ച് നൽകുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
ഷിബു വർഗീസിൻ്റെ മൃതദേഹം പായിപ്പാട് മച്ചിപ്പള്ളിയിലെ വീട്ടിലേക്ക് രാവിലെ എത്തിച്ചപ്പോൾ ഭാര്യ റിയ മൂന്നര വയസുകാരൻ മകൻ എയ്ഡൻ എന്നിവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ പ്രിയപെട്ടവർ വിതുമ്പി. വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം നാല് മണിയോടെ പായിപ്പാട് സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.
ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിൻ്റെ സംസ്കാരം രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടന്നു. ഇളയ സഹോദരൻ ആനന്ദ് ചിതയ്ക്ക് തീകൊളുത്തി. അപകടത്തിന് എട്ട് ദിവസം മുമ്പ് മാത്രമാണ് ശ്രീഹരി കുവൈത്തിൽ ജോലിക്കെത്തിയത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിരവധി പേർ അന്തിമോപചാരമർപ്പിക്കാൻ എത്തി.
മരിച്ച ചാവക്കാട് സ്വദേശി ബിനോയിയുടെ വീട്ടിൽ മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ എന്നിവരെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മരിച്ച തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മനും നാട് വിട ചൊല്ലി. മൂന്നരയോടെ മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്ക്കാരം. പത്തനംതിട്ട അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, മല്ലപ്പള്ളി സ്വദേശി സിബിൻ എബ്രഹം, പാണ്ടനാട് താമസമാക്കിയ നിരണം സ്വദേശി മാത്യു തോമസ് എന്നിവരുടെ സംസ്കാരം നാളെ നടക്കും. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിൻ്റെ സംസ്കാര ചടങ്ങുകളും നാളെയാണ്.