കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവം; ഡ്രൈവർക്ക് വീഴ്ചയെന്ന് റിപ്പോർട്ട്
|10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഡ്രൈവർ ഔസേപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസിൽ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡ്രൈവർ കുറേക്കൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർക്കെതിരെ മനപ്പൂർവമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
കുഴൽമന്ദത്ത് ദേശീയപാതയിൽ ഫെബ്രുവരി ഏഴിനാണ് രണ്ടു യുവാക്കൾ കൊല്ലപ്പെട്ട അപകടമുണ്ടായത്. 304 എ വകുപ്പ് ചുമത്തി ബസ് ഡ്രൈവർ ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തുകയായിരുന്നു. മൂന്നു ദൃക്‌സാക്ഷികൾ നൽകിയ മൊഴിയുടെയും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഐപിസി 304 വകുപ്പ് കൂട്ടിച്ചേർത്തത്.
10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഡ്രൈവർ ഔസേപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ബസ് ഡ്രൈവർ ഔസേപ്പ് ഇപ്പോൾ സസ്‌പെൻഷനിലാണ്.