പൂർവ വിദ്യാർഥിയുടെ പരാതി; പോക്‌സോ കേസിൽ കെ.വി ശശികുമാർ വീണ്ടും അറസ്റ്റിൽ
|രണ്ട് പോക്സോ കേസുകളിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മറ്റൊരു കേസിൽ അറസ്റ്റിലായത്
മലപ്പുറം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കെ.വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍. രണ്ട് പോക്സോ കേസുകളിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മറ്റൊരു കേസിൽ അറസ്റ്റിലായത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്നാണ് പൂർവ വിദ്യാർത്ഥിനിയുടെ പരാതി. അറസ്റ്റിലായ ശശികുമാറിനെ റിമാൻഡ് ചെയ്തു.
അൻപതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരെ ഉയർന്നത്. രണ്ട് പൂർവ വിദ്യാർഥിനികളുടെ പരാതിന്മേല്‍ കഴിഞ്ഞ മേയില്‍ ശശികുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ ഇയാളെ വയനാട് ബത്തേരിക്കു സമീപത്തെ ഹോം സ്റ്റേയിൽനിന്നാണ് പിടികൂടിയത്. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കുകയും ജയില്‍ മോചിതനാവുകയും ചെയ്തു.
നിരവധി പൂർവ വിദ്യാർത്ഥിനികളാണ് ശശികുമാരിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മുപ്പത് വർഷത്തോളം അധ്യാപനായിരുന്ന ശശികുമാർ സി.പി.എമ്മിന്റെ പ്രാദേശിക നേതാവും മൂന്ന് തവണ നഗരസഭ കൗൺസിലറും ആയിരുന്നു. ശശികുമാറിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച സ്‌കൂൾ അധികൃതര്‍ക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു.
ശശികുമാർ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014ലും 2019ലും രക്ഷിതാക്കളിൽ ഒരാൾ സ്‌കൂൾ അധികൃതരെ അറിയിച്ചിരുന്നു എന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ പറയുന്നു. പക്ഷെ ഈ വിവരം സ്‌കൂൾ അധികൃതർ പൊലീസിനെ അറിയിച്ചില്ല. തെളിവുകൾ കൈമാറിയിട്ടും പൊലീസ് ഇക്കാര്യം അന്വേഷണ പരിധിയിൽ കൊണ്ടുവന്നില്ലെന്നും പോക്‌സോ കുറ്റം മറച്ചു വച്ചതിനു സ്‌കൂളിനെതിരെ കേസെടുത്തില്ലെന്നും പരാതിക്കാർ വ്യക്തമാക്കിയിരുന്നു.