കെ.വി. തോമസ് കണ്ണൂരിലെത്തി, ചുവന്ന ഷാളണിയിച്ച് സ്വീകരണം
|നാളെയാണ് സെമിനാർ നടക്കുന്നത്
കോൺഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മുതിർന്ന കെ.വി തോമസ് കണ്ണൂരിലെത്തി. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയ ഇദ്ദേഹത്തെ ചുവന്ന ഷാൾ അണിയിച്ച് എംവി ജയരാജൻ അടക്കമുള്ള നേതാക്കൾ വിമാനത്താവളത്തിൽ സ്വീകരിച്ചു.കോൺഗ്രസാണോ പാർട്ടി കോൺഗ്രസാണോ വലുതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ പറയാമെന്ന് കെ.വി തോമസ് മറുപടി നൽകി. നാളെയാണ് സെമിനാർ നടക്കുന്നത്.
അതേസമയം, സിപിഎം വേദിയിൽ കോൺഗ്രസ് നിലപാട് വിശദീകരിക്കാൻ അവസരം കിട്ടിയാൽ വിനിയോഗിക്കണമെന്നും എന്നാൽ അച്ചടക്കം ലംഘിച്ചവരുതെന്നും മുതിർന്ന നേതാവ് പ്രഫ. പി.ജെ.കുര്യൻ പറഞ്ഞു. സംസാരിക്കുന്ന വിഷയം എന്താണെന്ന് അറിഞ്ഞിട്ടാവണം കെ.വി. തോമസിനെതിരെ നടപടിയെടുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർട്ടി വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറിൽ പങ്കെടുക്കുന്ന തോമസിനെതിരെ എന്തു നടപടി എടുക്കണമെന്ന കാര്യത്തിൽ കെ.പി.സി.സി നേതൃത്വത്തിൽ ചർച്ചകൾ സജീവമാണ്. സസ്പെൻഷനടക്കമുള്ള നടപടികൾ ഒരു വിഭാഗം നേതാക്കൾ മുന്നോട്ട് വയ്ക്കുമ്പോൾ കെ.വി തോമസിനെ അവഗണിക്കണമെന്ന നിലപാടും മറ്റൊരു വിഭാഗം ശക്തമായി ഉയർത്തുന്നുണ്ട്. മുതിർന്ന നേതാക്കളടക്കമുള്ളവരുമായി ആലോചിച്ച് യോജിച്ച തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.
അതേസമയം, കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പ് നടന്ന പ്രമേയത്തിൽ ചില അംഗങ്ങൾ എതിർപ്പ് രേഖപ്പെടുത്തി. പ്രമേയത്തിന് പാർട്ടി കോൺഗ്രസ് അഗീകാരം നൽകി. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശിക സഖ്യങ്ങളിൽ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി.
KV Thomas arrived in Kannur to attend the CPM party congress in violation of the Congress ban.