കെ.വി തോമസ് എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തേക്കും; നിലപാട് പ്രഖ്യാപനം ഇന്ന്
|രാവിലെ 11ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ അടുത്ത രാഷ്ട്രീയ നീക്കങ്ങൾ വെളിപ്പെടുത്താനും സാധ്യതയുണ്ട്
എറണാകുളം: തൃക്കാക്കരയില്‍ എല്‍.ഡി.എഫിനൊപ്പമാണെന്ന നിലപാട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ അടുത്ത രാഷ്ട്രീയ നീക്കങ്ങള്‍ വെളിപ്പെടുത്താനും സാധ്യതയുണ്ട്. നാളെ നടക്കാനിരിക്കുന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.വി തോമസും വേദിയിലെത്തും.
വാര്‍ത്താസമ്മേളനത്തില്‍ കെ.വി തോമസ് എന്ത് നിലപാടായിരിക്കും പ്രഖ്യാപിക്കുകയെന്നത് വ്യക്തമാണ്. ജോ ജോസഫിനായിരിക്കും പിന്തുണയെന്ന കാര്യത്തില്‍ സി.പി.എമ്മിന് മാത്രമല്ല കോണ്‍ഗ്രസിനും ഉറപ്പുണ്ട്. ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങള്‍ എന്താണെന്നാണ് ഇനി അറിയേണ്ടത്.
കോണ്‍ഗ്രസില്‍ നിന്ന് സ്വയം പുറത്ത് പോവുകയാണെന്ന നിലപാട് കെ.വി തോമസെടുക്കാന്‍ സാധ്യതയില്ല. പകരം അച്ചടക്ക ലംഘനമുണ്ടെങ്കില്‍ പാര്‍ട്ടി പുറത്താക്കട്ടെ എന്ന സമീപനമായിരിക്കും സ്വീകരിക്കുക. കെ.വി തോമസ് നിലപാട് പ്രഖ്യാപിച്ചതിന് ശേഷമാണോ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് ശേഷമാണോ പുറത്താക്കേണ്ടതെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിനകത്തും നടക്കുന്നുണ്ട്.